കൊച്ചി:  മകളുടെ അപകടമരണത്തില്‍ തങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും അന്‍സി കബീറിന്റെ പിതാവ് അബ്ദുള്‍ കബീര്‍. പോലീസ് സംഘം ഇക്കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

കൊച്ചിയിലെ അപകടമരണത്തില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ പിതാവ് അബ്ദുള്‍ കബീര്‍ കഴിഞ്ഞദിവസം പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുശേഷമായിരുന്നു പ്രതികരണം. 

'എന്റെ മകള്‍ വിവേകമുള്ള വളരെ ബോള്‍ഡായ വ്യക്തിയായിരുന്നു. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്കറിയാം. എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അവള്‍ വളര്‍ന്നത്. അതിനാല്‍ അവള്‍ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട സുഹൃത്ത്ബന്ധങ്ങളിലേക്ക് പോകില്ലെന്നും എനിക്ക് ഉറപ്പാണ്.  അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത്'- അബ്ദുള്‍ കബീര്‍ പറഞ്ഞു. 

ആറ്റിങ്ങല്‍ പാലംകോണം സ്വദേശിയായ അബ്ദുള്‍ കബീര്‍-റസീന ദമ്പതിമാരുടെ മകളാണ് മുന്‍ മിസ് കേരളയായ അന്‍സി കബീര്‍. അബ്ദുള്‍ കബീര്‍ കഴിഞ്ഞ 15 വര്‍ഷമായി വിദേശത്താണ്. നിലവില്‍ ഖത്തറിലെ സ്വകാര്യ കമ്പനിയിലെ പി.ആര്‍.ഒ.യാണ്. 

'അന്‍സി ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഖത്തറിലേക്ക് പോയത്. എന്നോട് വളരെ അടുപ്പമായിരുന്നു. അവള്‍ എപ്പോഴും സന്തോഷവതിയായിരുന്നു. കഴിഞ്ഞദിവസം അവളുടെ അപ്പാര്‍ട്ട്‌മെന്റില്‍ പോയി സാധനങ്ങളെല്ലാം എടുത്തു. അത് കണ്ടപ്പോള്‍ ശരിക്കും തളര്‍ന്നുപോയി. അവളില്ലാത്തതിന്റെ കുറവ് ഒന്നിനും നികത്താനാവില്ല. മകളുടെ മരണത്തെത്തുടര്‍ന്നുണ്ടായ ആഘാതത്തില്‍നിന്ന് റസീനയും മോചിതയായിട്ടില്ല- അബ്ദുള്‍ കബീര്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു വസ്ത്രനിര്‍മാണ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനായി രണ്ടാഴ്ചത്തേക്കാണ് അന്‍സി കബീര്‍ എറണാകുളത്ത് വന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ വീട്ടിലെത്തുകയും ചെയ്തിരുന്നു. ആറ്റിങ്ങല്‍ മദര്‍ ഇന്ത്യ സ്‌കൂളിലായിരുന്നു അന്‍സിയുടെ സ്‌കൂള്‍ പഠനം. ശേഷം കഴക്കൂട്ടം മരിയന്‍ കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. കോളേജ് പഠനകാലത്താണ് 2019-ലെ മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയിയായതോടെ ഷൂട്ടിങ്ങും മറ്റുമായി അന്‍സി തിരക്കിലായെന്നും അബ്ദുള്‍ കബീര്‍ പറഞ്ഞു. 

നവംബര്‍ ഒന്നിന് പുലര്‍ച്ചെ കൊച്ചി പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ്പ് അന്‍ജന ഷാജന്‍, ഇവരുടെ സുഹൃത്തായ മുഹമ്മദ് ആഷിഖ് എന്നിവര്‍ മരിച്ചത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ പിതാവ് കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയത്. മരിച്ച അന്‍ജന ഷാജന്റെ മാതാപിതാക്കളും സമാനമായ ആവശ്യം ഉന്നയിച്ച് പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ട്. 

Content Highlights: miss kerala winner ansi kabeer father abdul kabeer response