കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനുമായി ബന്ധമുണ്ടായിരുന്ന യുവതികളെ ഉള്‍പ്പെടെ അന്വേഷണ സംഘം ചോദ്യംചെയ്തു. സൈജുവുമായി ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവ വഴി ചാറ്റ് ചെയ്തവരെയും സൈജുവിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളിലുള്ളവരെയുമാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്.

രഹസ്യമായി നടത്തിയ പാര്‍ട്ടികളുടെ ദൃശ്യങ്ങളായിരുന്നു സൈജുവിന്റെ ഫോണില്‍നിന്ന് കണ്ടെത്തിയത്. ഇതില്‍ ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇവര്‍ ആരെന്ന് അറിയില്ലെന്നും പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് അറിയാമെന്നുമായിരുന്നു സൈജുവിന്റെ മൊഴി. ഇതനുസരിച്ചാണ് ഇവരെ വിളിച്ചുവരുത്തിയത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ചിത്രങ്ങളിലുള്ളവര്‍ക്കെതിരേ അതിന് കേസെടുക്കാനുള്ള സാധ്യത പരിശോധിക്കും. ഇപ്പോള്‍ സൈജുവിനെതിരേ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം ഒന്‍പത് കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സമഗ്രാന്വേഷണം നടന്നുവരികയാണ്.

സൈജുവിന് നേരിട്ടറിയാവുന്നവരുടെയെല്ലാം പേരും ഫോണ്‍ നമ്പറും ഇയാള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പാര്‍ട്ടിയില്‍ നിരവധിപേര്‍ പങ്കെടുത്ത ചിത്രമുണ്ടെങ്കിലും പലരും ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള ചിത്രങ്ങളില്ല. ഇതിനാല്‍ത്തന്നെ പാര്‍ട്ടി നടത്തിപ്പുകാരെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളാണ് ചോദിച്ചറിയുന്നത്. ഫോര്‍ട്ട്കൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാന്‍ സാധിക്കാഞ്ഞത് അന്വേഷണത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. റോയി ആശുപത്രിയില്‍ ചികിത്സയില്‍നിന്ന് പോരാത്തതിനാലാണ് ഇത് നടക്കാതെപോയത്.

നമ്പര്‍ 18 ഹോട്ടലിനെതിരേ എക്‌സൈസ് കേസെടുത്തു

ഫോര്‍ട്ട്കൊച്ചി 'നമ്പര്‍ 18' ഹോട്ടലിനെതിരേ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനാണ് കേസ്. മോഡലുകളുടെ മരണം നടന്ന ഒക്ടോബര്‍ 31-ന് രാത്രി ഒമ്പതു മണി കഴിഞ്ഞും മദ്യം വിറ്റതായി കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടതോടെയാണ് കേസെടുത്തതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.കെ. അനില്‍കുമാര്‍ പറഞ്ഞു.

സമയംകഴിഞ്ഞും മദ്യം വിറ്റതിനെ തുടര്‍ന്ന് നമ്പര്‍ 18 ഹോട്ടലിലെ ബാര്‍ ലൈസന്‍സ് നവംബര്‍ രണ്ടിന് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ 28-ന് എക്‌സൈസ് സംഘം ഹോട്ടലില്‍ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു നടപടി.