കോലഞ്ചേരി: മദ്യലഹരിയില്‍ അമ്മയെ ഉപദ്രവിച്ച യുവാവ് ജ്യേഷ്ഠന്റെ കുത്തേറ്റ് മരിച്ചു. മറ്റക്കുഴി വരിക്കോലി അയിരാറ്റില്‍ പരേതനായ ഹരിഹരന്റെ ഇളയ മകന്‍ ശ്രീനാഥാണ് (29) ചേട്ടന്‍ ശ്രീകാന്തിന്റെ (33) കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ശ്രീനാഥ് അമ്മ സതിയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. ജ്യേഷ്ഠന്‍ ശ്രീകാന്ത് ഇത് തടയാന്‍ ശ്രമിച്ചു. ഇതിനിടെ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. മല്‍പ്പിടിത്തത്തിനിടെ ൈകയില്‍ കിട്ടിയ ചെറിയ കത്രിക ഉപയോഗിച്ച് ശ്രീകാന്ത് അനുജനെ മുറിവേല്‍പ്പിച്ചു. 

വൈകാതെ ശ്രീനാഥ് കുഴഞ്ഞുവീണു. നെഞ്ചിലേറ്റ ചെറിയ മുറിവ് മരണ കാരണമാകുമെന്ന് ശ്രീകാന്ത് പ്രതീക്ഷിച്ചില്ല. മദ്യലഹരിയില്‍ കുഴഞ്ഞു വീണെന്നു പറഞ്ഞ് കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍, ആശുപത്രിയിലെത്തുമ്പോള്‍ തന്നെ ശ്രീനാഥ് മരിച്ചിരുന്നു. തുടര്‍ന്ന് ശ്രീകാന്ത്, അനുജന്‍ കുഴഞ്ഞുവീണ് മരിച്ചതായി പോലീസില്‍ അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ നെഞ്ചിനുസമീപത്തെ മുറിവ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു.

കളമശ്ശരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ കത്രികക്കുത്തേറ്റ് ഹൃദയ വാല്‍വിലുണ്ടായ ദ്വാരമാണ് മരണ കാരണമായതെന്ന് വ്യക്തമായി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠന്‍ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ തന്നെ ശ്രീകാന്ത് കുറ്റം സമ്മതിച്ചു.

മീശ വെട്ടുന്ന ചെറിയ കത്രികകൊണ്ടുള്ള മുറിവായിരുന്നതിനാല്‍ രക്തം തുടച്ചുകളഞ്ഞ് വസ്ത്രങ്ങള്‍ മാറ്റിയാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. കത്രികയും രക്തക്കറയുള്ള വസ്ത്രങ്ങളും വീട്ടില്‍നിന്ന് കണ്ടെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പ്രതിയെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഹൈക്കോടതി ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഹരിഹരന്‍ മരിച്ച ശേഷം മാതാവ് റിട്ട. ഡോ. സതിയും എം.എസ്.ഡബ്ല്യു.ക്കാരനായ ശ്രീകാന്തും എം.ബി.എ.ക്കാരനായ ശ്രീനാഥുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശ്രീനാഥ് പല ദിവസവും മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

നാടിനെ നടുക്കി കൊലപാതകം

മറ്റക്കുഴിയില്‍ അനുജനെ ജ്യേഷ്ഠന്‍ കൊല ചെയ്ത സംഭവത്തില്‍ നാടു നടുങ്ങി. വീട്ടില്‍ നിന്നു മിക്കപ്പോഴും ബഹളം കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ച പ്രതിയെക്കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. പോലീസിന്റെ സമയോചിതമായ കണ്ടെത്തലാണ് അനുജന്‍ ശ്രീനാഥ് കുഴഞ്ഞുവീണു മരിച്ചെന്ന ശ്രീകാന്തിന്റെ വാദം പൊളിച്ചത്. മല്‍പ്പിടിത്തത്തിനിടെ വണ്ണം കുറഞ്ഞ നീളമുള്ള കത്രിക ഉപയോഗിച്ചാണ് ശ്രീകാന്ത് അനുജനെ മുറവേല്‍പിച്ചത്. പുറത്ത് ഒരു സെന്റീ മീറ്റര്‍ മാത്രം നീളമുള്ള ചെറിയ മുറിവിന്റെ ആഴം തിരിച്ചറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനാണ്.

ശ്രീകാന്തിനെയും അമ്മയെയും പോലീസ് പലവട്ടം ചോദ്യം ചെയ്തതോടെ സംഭവത്തിന് കൂടുതല്‍ വ്യക്തത വന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ചെറിയ മുറിവിലെ രക്തം തുടച്ചു കളഞ്ഞ് വസ്ത്രങ്ങള്‍ മാറ്റിയ ശേഷമാണ് ആംബുലന്‍സ് വരുത്തി ആശുപത്രിയിലെത്തിച്ചതെന്നു വ്യക്തമായി. ഡിവൈ.എസ്.പി. ജി. അജയ്നാഥ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, എസ്.ഐ. ഏലിയാസ് പോള്‍, എ.എസ്.ഐ.മാരായ ജിനു പി. ജോസഫ്, മനോജ്കുമാര്‍, എസ്.സി.പി.ഒ.മാരായ ബി. ചന്ദ്രബോസ്, ദിനില്‍ ദാമോദരന്‍, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പിതാവ് ഹരിഹരന്‍ മരിച്ച ശേഷം മാതാവും ശ്രീകാന്തും ശ്രീനാഥുമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. ശ്രീനാഥ് ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാരും പറഞ്ഞു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ശ്രീനാഥിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Content Highlights: Minor injury exposes brother’s role in youth’s death in Kolenchery