ജോധ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്ന് സഹോദരന്‍ ആത്മഹത്യ ചെയ്തു. പിതാവ് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നതാണ് ഓഡിയോ ക്ലിപ്പ്. 32 മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പ് രാജസ്ഥാനിലെ ജലോറിലെ സാഞ്ചോര്‍ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരന്‍ ആത്മഹത്യ ചെയ്തത്. 

ഉറങ്ങിക്കിക്കുമ്പോള്‍ അടക്കം പിതാവ് ലൈംഗികമായി ഉപയോഗിച്ചുവെന്ന് പെണ്‍കുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നുണ്ട്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേന പിതാവ് ഒരു മൈതാനത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഈ സംഭാഷണം അടങ്ങിയ ക്ലിപ്പ് ശനിയാഴ്ച വൈറലാവുകയും പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരന്റെ കൈവശം എത്തുകയും ചെയ്തു. സഹോദരിയുടെ ദയനീയാവസ്ഥ കേട്ട് അസ്വസ്ഥനായ ആണ്‍കുട്ടി കനാലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് ഉറങ്ങരുതെന്നും മുത്തശ്ശിക്കൊപ്പം ഉറങ്ങണമെന്നും ബന്ധുവായ സ്ത്രീ പെണ്‍കുട്ടിയോട് പറയുന്നുണ്ട്. ഇതിന്, വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോകാനോ കുടുംബത്തിലെ മറ്റാരോടെങ്കിലും സംസാരിക്കാനോ പിതാവ് അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടി മറുപടി നല്‍കുന്നു. പിതാവിനെതിരേ ശബ്ദമുയര്‍ത്തിയതിന് മാതാവ് തന്നെ ശകാരിച്ചതായും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സംഭവദിവസം, സഹോദരനെ കൂടെ കൊണ്ടുപോകാന്‍ പിതാവിനോട് മാതാവ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വിസമ്മതിച്ചതായും പെണ്‍കുട്ടി ഓഡിയോയില്‍ പറഞ്ഞു.

അതേസമയം, ഓഡിയോയെക്കുറിച്ച് അറിഞ്ഞതിനേ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷമാണ് സഹോദരന്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞതെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങള്‍ കേസ് അന്വേഷണം ആരംഭിച്ചതാും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് സഞ്ചോര്‍ എസ്.എച്ച്.ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Minor girl tells aunt about father's rape bid, her brother ends life after audio goes viral