രാജ്കോട്ട്: രണ്ട് തവണ മകൾ ബലാത്സംഗത്തിനിരയായതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഗുജറാത്ത് ജാംനഗർ ജില്ലയിലെ ജാംജോധ്പുർ സ്വദേശിയാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പിതാവ് മരിച്ചതോടെ ബലാത്സംഗത്തിനിരയായ മകളും കുടുംബവും പോലീസിൽ പരാതി നൽകി. സംഭവത്തിൽ അശ്വിൻ വാദിയ(25) എന്നയാൾക്കെതിരേ കേസെടുത്തതായും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

സെപ്റ്റംബർ 28-ാം തീയതിയാണ് പെൺകുട്ടിയുടെ പിതാവ് കീടനാശിനി കഴിച്ച് ആശുപത്രിയിലായത്. ജാംനഗറിലെ ജി.ജി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 30-ന് മരണം സംഭവിച്ചു. ഇതിനുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ മകളും കുടുംബവും ബലാത്സംഗ പരാതിയുമായി പോലീസിനെ സമീപിച്ചത്.

17-കാരിയായ മകൾ രണ്ട് തവണ ബലാത്സംഗത്തിനിരയായതിൽ മനംനൊന്താണ് പിതാവ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ആറ് മാസം മുമ്പാണ് അശ്വിൻ വാദിയ വീട്ടിൽ അതിക്രമിച്ചുകയറി 17-കാരിയെ കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്തത്. പിന്നീട് ഒന്നരമാസം മുമ്പും ഇതാവർത്തിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.

അടുത്തിടെയാണ് മകൾ രണ്ട് തവണ ബലാത്സംഗത്തിനിരയായെന്ന വിവരം പിതാവ് അറിഞ്ഞത്. ഇതോടെ കീടനാശിനി കഴിച്ച് പിതാവ് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ അശ്വിൻ വാദിയക്കെതിരേ പോക്സോ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ കേസെടുത്തതോടെ ഇയാൾ ഒളിവിൽപോയിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:minor girl raped two times father commits suicide