മലപ്പുറം: വളാഞ്ചേരിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകൻ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സുഭാഷ് മകളെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതിന് പിന്നാലെ യുവതിയും കാമുകനും ഒളിച്ചോടുകയായിരുന്നു. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

2019 മാർച്ചിലാണ് ഒമ്പതും മൂന്നും വയസുള്ള പെൺമക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ മൂത്തമകളെ കാമുകനായ സുഭാഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തറിയുകയും യുവതിയുടെ ഭർത്താവ് സംഭവത്തിൽ പരാതി നൽകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് 28-കാരി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും കൂട്ട് നിന്നതിന് യുവതിക്കെതിരേയും പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights:minor girl raped in valanchery mother and her lover arrested