കോട്ടയം: പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അച്ഛന് അയച്ചുനല്‍കിയ സംഭവത്തില്‍ കാമുകനെ പോലീസ് പിടികൂടി. ചിങ്ങവനം സ്വദേശിയായ 21-കാരനെയാണ് ചിങ്ങവനം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഏറെനാളായി ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് പലതവണ പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയറിയാതെ പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. അടുത്തിടെ പ്രതിയും പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതോടെ പീഡനദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് പ്രതി അയച്ചുനല്‍കുകയായിരുന്നു.

ഫോണില്‍ മകളുടെ പീഡനദൃശ്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ നല്‍കിയ പരാതിയിലാണ് ചിങ്ങവനം പോലീസ് കേസെടുത്തത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് തിങ്കളാഴ്ച രാത്രിയില്‍ പിടികൂടി. ഇയാളെ ചോദ്യംചെയ്തുവരുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല.