കിളിമാനൂർ: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവും സഹായിയും പിടിയിൽ. പ്രതിയെ സഹായിച്ച മറ്റ് പന്ത്രണ്ടു പേർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.

ആലംകോട്, മേവർക്കൽ, പട്ള നിസാർ മൻസിലിൽ അൽനാഫി(18), തട്ടിയെടുത്ത സ്വർണം പണയംവയ്ക്കാനും വിൽക്കാനും സഹായിച്ചതിനും പോക്സോ കേസിൽ പ്രതിയാണെന്നറിഞ്ഞിട്ടും സംരക്ഷിച്ചതിനും എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടിൽ സോണി ജോർജ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇയാൾ സ്വർണക്കടത്ത് വിഷയത്തിൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായിരുന്നു. പോലീസ് കൊണ്ടുപോകുന്നതിനിടെ ജീപ്പിനുള്ളിലിരുന്ന് കണ്ണാടിച്ചില്ല് അടിച്ചുതകർത്ത കേസിലും പ്രതിയാണ്.

കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്ലസ് ടു വിദ്യാർഥിനിയെയാണ് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പല ഘട്ടങ്ങളിലായി 18.5 പവൻ സ്വർണം കൈക്കലാക്കി. സഹോദരിയുടെ സ്വർണമാണ് പെൺകുട്ടി എടുത്തുനൽകിയത്. ഇതിൽ ഒൻപത് പവൻ പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും സ്വർണക്കടകളിലും വിറ്റു. ഈ തുക ബൈക്കും മൊബൈൽ ഫോണും വാങ്ങാൻ ഉപയോഗിച്ചു. ബാക്കിയുള്ള 9.5 പവൻ സ്വർണവുമായി അൽനാഫിയും സുഹൃത്തുക്കളും എറണാകുളത്ത് സോണി ജോർജിനെ സമീപിച്ചു. അൽനാഫിയുടെ സുഹൃത്ത് മുഖേനയാണ് സംഘം സോണി ജോർജിനെ പരിചയപ്പെട്ടത്. സോണി ജോർജ് അൽനാഫിക്കും സുഹൃത്തിനും വാടക വീടെടുത്തു നൽകുകയും സ്വർണം വിൽക്കാനും പണയംവയ്ക്കാനും സഹായിക്കുകയും ചെയ്തു.

ആഭരണങ്ങൾ കാണാതായതോടെ വീട്ടുകാർ നഗരൂർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പെൺകുട്ടി പീഡനവിവരവും സ്വർണം പ്രതികൾക്കു കൈമാറിയതും സമ്മതിച്ചു. തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് അൽനാഫിയെ മടവൂരിൽനിന്ന് കസ്റ്റഡിയിലെടുത്തത്. അൽനാഫിയെ ചോദ്യംചെയ്തതിൽനിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ 14 പ്രതികളെ ഉൾപ്പെടുത്തി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണസംഘത്തിൽ നഗരൂർ എസ്.എച്ച്.ഒ. എം.സാഹിൽ, എസ്.ഐ. ഫിറോസ് ഖാൻ, എ.എസ്.ഐ മാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, അനിൽകുമാർ, സലിം, വനിതാ പോലീസ് ഉദ്യോഗസ്ഥ അനുപമ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.

Content Highlights:minor girl raped and looted her gold two arrested in kilimanoor