കോട്ടയം: പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ്. ഗര്‍ഭസ്ഥശിശുവിന്റെ ഡി.എന്‍.എ. സാമ്പിള്‍ ശേഖരിച്ച്‌ അയച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയാലെ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂവെന്നും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. കെ.എല്‍. സജിമോന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അല്പം വൈകിയാലും പ്രതിയെ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വയറുവേദനയെ തുടര്‍ന്ന് ഞായറാഴ്ച പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. സ്ഥിതി ഗുരുതരമായതിനാല്‍ ഇവിടെനിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു. പെണ്‍കുട്ടി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 

അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു കുട്ടിയുടെ താമസം. ഇവരുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ലോക്ഡൗണിനെത്തുടര്‍ന്ന് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികള്‍ കരകൗശലവസ്തുക്കള്‍ നിര്‍മിച്ച് കടകളിലും വീടുകളിലും കയറി വിറ്റിരുന്നു.

ഏപ്രിലില്‍ മണര്‍കാട് കവലയിലേക്ക് നടന്നുപോകുന്നതിനിടെ ചുവന്ന കാറിലെത്തിയ അജ്ഞാതനായ മദ്ധ്യവയസ്‌കന്‍ വാഹനം നിര്‍ത്തി പെണ്‍കുട്ടിയില്‍നിന്ന് കരകൗശലവസ്തു വാങ്ങി. പണം വീട്ടില്‍നിന്നെടുത്തു നല്‍കാമെന്നു പറഞ്ഞ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഭാര്യയും കുട്ടിയും വീട്ടിലുണ്ടെന്ന് പറഞ്ഞതിനാല്‍ കാറില്‍ കയറി.

തിരുവഞ്ചൂര്‍ ഭാഗത്തേക്ക് കാറോടിച്ചുപോയ മദ്ധ്യവയസ്‌കന്‍ വഴിയോരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് കുട്ടിയെ കാറിലിരുത്തിയ ശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിര്‍ബന്ധിച്ച് കുടിപ്പിച്ചശേഷം കാര്‍ വിട്ടുപോയി. താന്‍ കാറില്‍ക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകീട്ട് അഞ്ചു മണിയോടെ ഉണര്‍ന്നപ്പോള്‍ കാര്‍ മണര്‍കാട് കവലയിലായിരുന്നെന്നും കുട്ടി പറയുന്നു. 

തുടര്‍ന്ന് പണവും വാങ്ങി ബസില്‍ കയറിപ്പോയി. പിറ്റേന്ന് അടിവയറ്റില്‍ വേദന അനുഭപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച ശക്തമായ വയറുവേദനയും രക്തസ്രാവവുമുണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് കുട്ടി മൊഴി നല്‍കിയതെന്നും പോലീസ് പറയുന്നു.

എന്നാല്‍, പെണ്‍കുട്ടിയുടെ ഈ മൊഴിയാണ് പോലീസ് അന്വേഷണത്തെ കുഴക്കുന്നത്. മൊഴിയില്‍നിന്ന് സംഭവങ്ങളൊന്നും വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ചിത്രം വ്യക്തമാകണമെങ്കില്‍ കുട്ടിയെ വിശദമായ കൗണ്‍സിലിങ്ങിന് വിധേയമാക്കണം. ഇതിനായി ചൈല്‍ഡ് ലൈനിലും പോലീസ് വിവരമറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടി ആശുപത്രി വിടുന്ന മുറയ്ക്ക് കൗണ്‍സിലിങ്ങിലേക്ക് കടക്കുമെന്നും പോലീസ് പറയുന്നു. 

അതിനിടെ, ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടിക്രമങ്ങളും പോലീസ് വേഗത്തിലാക്കുന്നുണ്ട്. ഡി.എന്‍.എ. പരിശോധനയിലൂടെ ഏകദേശം വ്യക്തത വരുമെന്നാണ് പ്രതീക്ഷ. നിലവില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. കെ.എല്‍. സജിമോന്റെ മേല്‍നോട്ടത്തില്‍ പാമ്പാടി സി.ഐ. ശ്രീജിത്ത്, മണര്‍കാട് സി.ഐ. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. 

Content Highlights: minor girl raped by unknown man in kottayam police investigation is going on