വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ എലമഞ്ചിലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 15 വയസ്സുകാരിയുമായി പരിചയം സ്ഥാപിച്ചാണ് മൂന്ന് യുവാക്കളും ആറ് മാസത്തോളം പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒമ്പതാം ക്ലാസിൽ പഠനംനിർത്തിയ പെൺകുട്ടി മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് താമസം. ആറ് വർഷം മുമ്പാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മരിച്ചത്. കൃഷിക്കാരായ മുത്തച്ഛനും മുത്തശ്ശിയും ജോലിക്ക് പോകുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് യുവാക്കൾ പീഡിപ്പിച്ചത്. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജനുവരി മുതൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നാണ് റിപ്പോർട്ട്. അടുത്തിടെ പെൺകുട്ടിയുടെ വയർ വീർക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്തോ മാരക രോഗം ബാധിച്ചെന്നാണ് ഇവർ കരുതിയത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ആറ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

പെൺകുട്ടി തന്നെയാണ് മുത്തച്ഛനോട് പീഡിപ്പിച്ചവരുടെ പേരുകൾ വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമടക്കം കേസെടുത്തതായി പോലീസ് പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Content Highlights:minor girl raped and impregnated by three youth in andhra pradesh