ശൂരനാട്(കൊല്ലം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ശൂരനാട് വടക്ക് തെക്കേമുറി പുത്തൻവിള കിഴക്കതിൽ നിയാസ് (20), പോരുവഴി തറയിൽ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിലമേൽ വടക്കേക്കര പുത്തൻവീട്ടിൽ ശ്യാംകുമാർ (24), കണ്ണൂർ ചൊക്ലി വില്ലേജിൽ പെരിങ്ങാടി കടവുദാനത്ത് കുനിയിൽ റഹീം (42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28-നാണ് പെൺകുട്ടിയെ കാണാതായത്.
പോലീസ് പറയുന്നത്: പലതവണ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നിയാസ് ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സുഹൃത്തുക്കളായ ശ്യാമിന്റെയും റഹീമിന്റെയും സഹായം തേടി. 28-ന് ഉച്ചയ്ക്ക് ശ്യാംകുമാർ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റി കായംകുളത്ത് എത്തിച്ചു. അവിടെ കാത്തുനിന്ന നിയാസും റഹിമും പെൺകുട്ടിയെയും കൊണ്ട് ബസിൽ കണ്ണൂരിലേക്ക് പോയി. അവിടെ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുനൽകിയത് റഹീമാണ്. തുടർന്ന് ശൂരനാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ചോമ്പാല എന്ന സ്ഥലത്തുനിന്ന് പെൺകുട്ടിയെയും നിയാസിനെയും കണ്ടെത്തി. ഇവർക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശൂരനാട് എസ്.എച്ച്.ഒ. എ.ഫിറോസ്, എസ്.ഐ. പി.ശ്രീജിത്ത്, എ.എസ്.ഐ.മാരായ മധു, ഹർഷാദ്, ഹരി, സി.പി.ഒ. വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Content Highlights:minor girl kidnapped and raped three arrested in sooranadu