കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരുതോങ്കര മൊയിലോത്തറ തെക്കെപ്പറമ്പത്ത് സായൂജ് (24), അടുക്കത്ത് പാറച്ചാലിൽ ഷിബു (32), മൊയലോത്തറ തമഞ്ഞീമ്മൽ രാഹുൽ (22), കായക്കൊടി പാലോളി അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്. 

ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞാണ് സുഹൃത്ത് സായൂജ് പെൺകുട്ടിയെയും കൊണ്ട് മരുതോങ്കരയിലെ ഇക്കോ ടൂറിസകേന്ദ്രമായ ജാനകിക്കാടിന് സമീപം എത്തിയത്. ഇവിടെ അടുത്തുള്ള പുറമ്പോക്ക് ഭൂമിയിലേക്കാണ് ഇയാള്‍ പെൺകുട്ടിയെ എത്തിച്ചത്. കുറച്ചു നേരം കഴിഞ്ഞ് പ്രതികളായ മറ്റു മൂന്ന് പേരും ഇവിടേക്കെത്തി. തുടർന്ന് മയക്കു മരുന്ന് കലർത്തിയ ശീതള പാനീയം നൽകി നാലുപേരും പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് മൊഴി.

ബലാത്സംഗത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ ബന്ധുവിന്റെ വീടിന് സമീപത്ത് എത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

rape case
അറസ്റ്റിലായ പ്രതികൾ

വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥയായിരുന്നെങ്കിലും പീഡനവിവരം ആരോടും പറഞ്ഞില്ല. ഇതിനിടെ പ്രതികളിൽ നിന്ന് ഭീഷണിയുമുണ്ടായി. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇതോടെ ചൊവ്വാഴ്ച വൈകീട്ട് പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. രാത്രി ദുരൂഹസാഹചര്യത്തിൽ കുറ്റ്യാടിക്ക് സമീപത്ത് കുട്ടിയെ കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുർന്ന് പോലീസെത്തി സ്റ്റേഷനിൽ കൊണ്ടുപോയി അന്വേഷിച്ചപ്പോഴാഞെട്ടിക്കുന്ന ക്രൂര ബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്.

തുടർന്ന് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം കേസന്വേഷണം നാദാപുരം എ.എസ്.പി. ഏറ്റെടുക്കുകയും മണിക്കൂറുകൾക്കകം തന്നെ നാല് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. തൊട്ടിൽപ്പാലം ഇൻസ്പെക്ടർ എം.ടി. ജേക്കബ്, സിവിൽ പോലീസ് ഓഫീസർമാരായ എം.പി. പ്രകാശൻ, ശ്രീനാഥ്, സുനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: Minor girl gang raped in kozhikode - 4 Arrested