കുറ്റ്യാടി(കോഴിക്കോട്): കൂട്ടബലാത്സംഗത്തിനിരയായ 17- കാരിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് വരാനുള്ള താത്പര്യം പെണ്‍കുട്ടി ഇവരെ അറിയിക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഇനിയും നാട്ടില്‍ കഴിയുന്നത് സുരക്ഷിതമല്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഇത്തരമൊരു തീരുമാനം. വീട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട്ടെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങും

ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലുപ്രതികളെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അഞ്ചുദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കോഴിക്കോട് പോക്‌സോ കോടതി ഈ ഹര്‍ജി പരിഗണിക്കും.

കസ്റ്റഡിയില്‍ കിട്ടിയശേഷം രാഹുല്‍ എന്നയാളെ രണ്ടാമത്തെ പീഡനക്കേസിലും അറസ്റ്റ് രേഖപ്പെടുത്തും. രണ്ടാമതും കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രാഹുലിനൊപ്പം മെര്‍വിന്‍ എന്നയാളും പ്രതിയാണ്. മെര്‍വിനെയും പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.

പിതാവിന് മര്‍ദനമേറ്റതായി പരാതി

ജാനകിക്കാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദനമേറ്റ നിലയില്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുതോങ്കര റോഡില്‍ പാര്‍ക്ക് റെസിഡന്‍സി ബാറിനടുത്ത് അടുക്കത്ത് തലച്ചിറ പറമ്പത്ത് മണി എന്ന മണിയപ്പന്‍ (42) മര്‍ദിച്ചെന്നാണ് പരാതി. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കേസ് എടുത്തതായി എസ്.ഐ. പറഞ്ഞു.