ആഗ്ര: മഥുര വൃന്ദാവനിൽ യുക്രൈൻ ബാലികയെ പീഡിപ്പിച്ച കേസിൽ പാകിസ്താൻ പൗരൻ അറസ്റ്റിൽ. വൃന്ദാവനിൽ സംഗീത അധ്യാപകനായ കറാച്ചി സ്വദേശി ആനന്ദ് കുമാറിനെ(25)യാണ് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മഥുര പോലീസ് പിടികൂടിയത്.
13-കാരിയുടെ വീട്ടിലെത്തിയ ആനന്ദ് കുമാർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ പത്ത് വർഷമായി യുക്രൈൻ പൗരന്മാരായ കുട്ടിയുടെ മാതാപിതാക്കൾ വൃന്ദാവനിലാണ് താമസം. ദമ്പതിമാർ വിവാഹമോചനം നേടിയതോടെ 13-കാരിയും സഹോദരിയും ഭജൻ ഗായകനായ പിതാവിനൊപ്പമായിരുന്നു താമസിച്ചുവന്നിരുന്നത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തും സംഗീത അധ്യാപകനുമായ ആനന്ദ് കുമാർ പെൺകുട്ടിയുടെ വീട്ടിൽ വരുന്നതും പതിവായിരുന്നു. ഓഗസ്റ്റ് 31-ന് പെൺകുട്ടി മാത്രമുള്ളപ്പോൾ വീട്ടിലെത്തിയ ആനന്ദ് കുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അമ്മയുടെ സുഹൃത്തായതിനാലാണ് ആനന്ദ് കുമാറിനെ മകൾ വീട്ടിലേക്ക് കയറ്റിയതെന്നും എന്നാൽ ശാരീരികമായും മാനസികമായും പ്രതി തന്റെ മകളെ ഉപദ്രവിച്ചെന്നും യുക്രൈൻ പൗരന്റെ പരാതിയിലുണ്ട്.
ദീർഘകാല ടൂറിസ്റ്റ് വിസയിലെത്തിയ ആനന്ദ് കുമാറിന്റെ വിസയും മറ്റു രേഖകളും സാധുവാണെന്ന് സിറ്റി പോലീസ് സൂപ്രണ്ട് യു.എസ്. സിങ് അറിയിച്ചു. കഴിഞ്ഞ എട്ട് വർഷമായി ഇയാൾ വൃന്ദാവനിൽ താമസിച്ചുവരികയാണ്. പ്രതിക്കെതിരേ പോക്സോ വകുപ്പടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Content Highlights:minor girl from ukraine raped by pakistani music teacher