കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശൗചാലയത്തില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിക്കാനിടയായ സംഭവത്തില്‍ കുഞ്ഞ് മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം. പെണ്‍കുട്ടിയെ പീഡിപ്പിച്ച മാനന്തവാടി പള്ളിക്കുന്ന് സ്വദേശി ജോബിന്‍ ജോണിന് (20) പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയാമായിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടി ഇക്കാര്യം മറച്ചുവെച്ചത്.

ഈ സാഹചര്യത്തിലാണ് കുഞ്ഞ് മരിക്കാനുണ്ടായ സാഹചര്യം പ്രത്യേകം അന്വേഷിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കാനുള്ള നടപടികളെന്തെങ്കിലും പ്രതി സ്വീകരിച്ചിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

24 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശു പ്രസവത്തോടെ മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ജോബിന്‍ ജോണിനെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശൗചാലയത്തില്‍ മാസം തികയാതെ ജനിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടത്. പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശിശുവിനെ ഉപേക്ഷിച്ച 17-കാരിയെ കണ്ടെത്തിയത്. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില തൃപ്തികരമാണ്.

ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു

ശൗചാലയത്തില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാ ആണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസര്‍, എറണാകുളം സൗത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്റ്റംബര്‍ 22-നകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശവും നല്‍കി.