ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരേ കേസെടുത്തു. പെണ്‍കുട്ടിയുടെ കാമുകനായ സന്ദീപ്, ഇയാളുടെ സുഹൃത്തുക്കളായ രഞ്ജീത്, ലംബു, ബില്ല, രാഹുല്‍, സൈന്യ, സന്തോഷ്, തിരിച്ചറിയാത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയായത്. സന്ദീപും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. മാര്‍ച്ച് 15-ന് സന്ദീപ് പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് വിവാഹം കഴിക്കാമെന്നും ഇതിനായി ജലന്ധറിലേക്ക് പോകാമെന്നും പറഞ്ഞു. കാമുകന്റെ നിര്‍ദേശമനുസരിച്ച് മാര്‍ച്ച് 16-ന് പെണ്‍കുട്ടി വീട് വിട്ടിറങ്ങി. കിലിയാന്‍വാലി എന്ന സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ സന്ദീപ് ജലന്ധറിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് നഗരത്തില്‍ ഇരുവരും മുറിയെടുത്തു. ഇവിടെവെച്ചാണ് സന്ദീപും മറ്റുള്ളവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. 

സംഭവത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മാര്‍ച്ച് 20-ന് രാവിലെയാണ് ഇവര്‍ പെണ്‍കുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങള്‍ വീട്ടുകാരോട് വെളിപ്പെടുത്തിയതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്നും ഇവരെ കണ്ടെത്താന്‍ റെയ്ഡുകള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: minor dalit girl gang raped by boy friend and his friends in punjab