കൊച്ചി: തൈക്കുടത്ത് മൂന്നാംക്ലാസുകാരന് ക്രൂരപീഡനം. കുട്ടിയുടെ കാലുകളില്‍ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചു. കടയില്‍ പോയിവരാന്‍ വൈകിയതിനാണ് സഹോദരീഭര്‍ത്താവ് മൂന്നാംക്ലാസുകാരനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരീഭര്‍ത്താവായ പ്രിന്‍സ് എന്നയാളെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം സമീപവാസികള്‍ ഇടപെട്ടതോടെയാണ് പുറംലോകമറിഞ്ഞത്. പരിക്കേറ്റ കുട്ടിയുടെ ചിത്രം സമീപവാസിയായ ഒരു സ്ത്രീ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
പ്രിന്‍സ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്രൂരമായ ഉപദ്രവം നേരിട്ടിട്ടും വീട്ടുകാര്‍ സംഭവം മറച്ചുവെച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ രണ്ട് കാലുകളിലും ചട്ടുകംവെച്ച് പൊള്ളിച്ച പ്രതി, കരഞ്ഞപ്പോള്‍ വായ പൊത്തി ചുമരില്‍ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു. അമ്മ ഇടപെട്ടിട്ടും ഇയാള്‍ പിന്‍വാങ്ങിയില്ല. പിന്നീട് തേപ്പുപെട്ടി കൊണ്ടും കുട്ടിയുടെ കാലുകളില്‍ പൊള്ളലേല്‍പ്പിച്ചു. ഇതിനുമുമ്പും സഹോദരീഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചതായി കുട്ടിയും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രിന്‍സ് കുട്ടിയുടെ സഹോദരീഭര്‍ത്താവാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ പിതാവ് തളര്‍ന്നുകിടക്കുകയാണ്. കസ്റ്റഡിയിലെടുത്ത പ്രിന്‍സിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
Content Highlights: minor boy brutally attacked in kochi his sisters husband in police custody