ഇടുക്കി: വൈദ്യുതി മന്ത്രി എം.എം.മണിയുടെ സഹോദരന്‍ സനകനെ ഇടിച്ച ഡ്രൈവറും വാഹനവും പോലീസ് കസ്റ്റഡിയില്‍. മുരിക്കാശ്ശേരി ഉപ്പുതോട് സ്വദേശി എബിയെയാണ് മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തത്. വണ്ടി തട്ടിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇടിച്ച സ്ഥലത്തുനിന്ന് 30 കിലോമീറ്റര്‍ മാറി അടുത്ത ദിവസം സനകനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത് ദുരൂഹമായി തുടരുന്നു. രാത്രി വൈകിയും ഡ്രൈവറുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല.

arrest
പ്രതീകാത്മക ചിത്രം

കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടക്കല്‍ എം.എം.സനകന്‍(56) കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. സനകനെ ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ കുത്തുപാറയ്ക്കു സമീപം മുതുവാന്‍കുടിയിലെ റോഡുവക്കില്‍ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. 

എന്നാല്‍, സംഭവം നടന്നതിനുശേഷം ജില്ലാ പോലീസ് മേധാവിക്കും മന്ത്രിക്കും വാഹനമിടിച്ചാണ് സനകന്‍ മരിച്ചതെന്നുകാട്ടി ഊമക്കത്ത് ലഭിച്ചു. അന്ന് അന്വേഷണത്തിനുശേഷം ഉപ്പുതോട് സ്വദേശിയെ വിളിച്ച് ചോദ്യംചെയ്ത് വിട്ടയച്ചു. ആറാം തീയതി രാത്രിയാണ് സനകനെ അടിമാലി ടൗണിനുസമീപം വണ്ടിയിടിച്ചതെന്നാണ് പറയുന്നത്. മൂന്നാറിന് ടൂറിസ്റ്റുകളെയും കൊണ്ടുപോയ വാഹനത്തിന്റെ സൈഡ് മിറര്‍ തട്ടിയെന്നാണ് ഡ്രൈവറുടെ മൊഴി.

പരിക്കേറ്റ സനകനെ ഇടിച്ച വാഹനത്തില്‍ കയറ്റിയാണ് പ്രദേശവാസികള്‍ ആശുപത്രിയിലേക്ക് അയച്ചത്. എന്നാല്‍, ഏഴാം തീയതി പുലര്‍ച്ചെ അപകടം നടന്നിടത്തുനിന്ന് 30 കിലോമീറ്റര്‍ മാറി സനകനെ അവശനിലയില്‍ കണ്ടെത്തി. അതിനാല്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡ്രൈവറെ വീണ്ടും കസ്റ്റഡിയിലെടുത്തത്.

ആശുപത്രിരേഖകള്‍ പരിശോധിച്ച് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെയും ജീവനക്കാരെയും ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെന്നും കേസില്‍ പോലീസിന് വീഴ്ചപറ്റിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.