ഇന്ദോര്‍:  മധ്യപ്രദേശിലെ ഇന്ദോറില്‍ കോടീശ്വരനായ വ്യാപാരിയുടെ ഭാര്യ 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. ഇന്ദോറിലെ ഖജ്‌റാന സ്വദേശിയായ വ്യാപാരിയുടെ ഭാര്യയാണ് ഓട്ടോ ഡ്രൈവറായ ഇമ്രാന്‍(32) എന്നയാള്‍ക്കൊപ്പം നാടുവിട്ടത്. സംഭവത്തില്‍ വ്യാപാരി പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട പണത്തില്‍ 33 ലക്ഷം രൂപ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. 

കഴിഞ്ഞദിവസമാണ് ഒക്ടോബര്‍ 13 മുതല്‍ ഭാര്യയെ കാണാനില്ലെന്നും ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയെന്നും പറഞ്ഞ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 47 ലക്ഷം രൂപ കാണാനില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 

തന്നെക്കാള്‍ 13 വയസ്സ് കുറവുള്ള ഓട്ടോഡ്രൈവറുമായി യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. വീട്ടില്‍നിന്ന് പുറത്തുപോകാനും മറ്റും ഇമ്രാന്റെ ഓട്ടോയാണ് യുവതി വിളിച്ചിരുന്നത്. ഒക്ടോബര്‍ 13-ാം തീയതിയും യുവതി ഓട്ടോയില്‍ പുറത്തുപോയി. രാത്രിയായിട്ടും മടങ്ങിവന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ പരിശോധന നടത്തിയപ്പോളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 47 ലക്ഷം രൂപയും നഷ്ടമായെന്നറിയുന്നത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഖണ്ഡ്വ, ജാവ്‌റ, ഉജ്ജ്വയിന്‍, രത്‌ലാം തുടങ്ങിയ സ്ഥലങ്ങളില്‍ ഇമ്രാന്‍ പോയിരുന്നതായി കണ്ടെത്തി. ഇവിടെയെല്ലാം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇമ്രാനെയും യുവതിയെയും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇമ്രാന്റെ സുഹൃത്തിനെ ചോദ്യംചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് 33 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഓട്ടോഡ്രൈവറെയും യുവതിയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

Content Highlights: millionaire businessman wife eloped with auto driver take 47 lakhs from home in indore