തിരുവനന്തപുരം: പൂന്തുറയില്‍ പോലീസിനെ ആക്രമിച്ച സൈനികന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സൈനിക ആശുപത്രിയില്‍ ജോലിചെയ്യുന്ന പൂന്തൂറ സ്വദേശി കെല്‍വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ വനിതാ പോലീസിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിനെ ആക്രമിച്ചത്.
തിങ്കളാഴ്ച രാവിലെ പൂന്തൂറയിലെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച കെല്‍വിന്‍, കൈകാണിച്ച വനിതാ പോലീസിന് നേരേ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസിനെ കൈയേറ്റം ചെയ്തു. ആക്രമണത്തില്‍ എസ്.ഐ.മാരായ അനൂപ് ചന്ദ്രന്‍, വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു. വിഷ്ണുവിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.
അതേസമയം, കെല്‍വിനെ പോലീസ് മര്‍ദിച്ചെന്നും അകാരണമായാണ് കസ്റ്റഡിയിലെടുത്തതെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കെല്‍വിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഇവര്‍ പോലീസ് ജീപ്പ് തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.
Content Highlights: military officer arrested in poonthura