പാലക്കാട്:  മുണ്ടൂരില്‍ മറുനാടന്‍ തൊഴിലാളികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 

മുണ്ടൂരിലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജോലിക്കാരും ബന്ധുക്കളുമായ ഉത്തര്‍പ്രദേശ് സ്വദേശികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വാസിം എന്നയാളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാസിമിനെ കൊലപ്പെടുത്തിയ വാജിദ് സംഭവത്തിന് ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട വാസിമും ആക്രമിച്ച വാജിദും ബന്ധുക്കളാണ്. കഴിഞ്ഞദിവസം സ്വത്തിനെച്ചൊല്ലി ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉത്തര്‍പ്രദേശില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലിയാണ് മുണ്ടൂരില്‍ ഒരുമിച്ച് ജോലിചെയ്യുന്ന വാസിമും വാജിദും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. 

സംഘര്‍ഷത്തിനിടെ വാജിദ് ഉളി കൊണ്ട് വാസിമിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാസിമിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ ഇവര്‍ക്കൊപ്പം ജോലിചെയ്തിരുന്ന മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. 

Content Highlights: migrant labourer killed in mundoor palakkad