ഇടുക്കി: രാജക്കാട് പഴയവിടുതിക്ക് സമീപം ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഢ് സ്വദേശിയായ ഗദ്ദു(40)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട ഗദ്ദുവും കസ്റ്റഡിയിലുള്ള സുഹൃത്തുക്കളും ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്. തോട്ടത്തിന് സമീപത്തെ താത്‌കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഇവർ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഗദ്ദുവിനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് വിവരം. ഇതിനുശേഷം ഷെഡ്ഡിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടർന്ന് രാജക്കാട് സി.ഐ. എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Content Highlights:migrant labour killed in rajakkad idukki body buried by his friends