കോട്ടയം: മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ് ജോയി. ഫിലിപ്പിന് അമേരിക്കയിൽ കാര്യമായ ജോലിയില്ലായിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പൂർണമായി ചെലവഴിച്ചിരുന്നത് ഫിലിപ്പാണ്. ഇയാൾ ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നു.

വിവാഹബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിച്ച ശേഷമാണ് ഇത്തവണ മടങ്ങിയത്. അമേരിക്കയിൽ മെറിൻ എത്തിയ ശേഷവും ഫിലിപ്പുമായി ബന്ധപ്പെട്ടിരുന്നു. മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തി. അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്കെതിരേ പരാതി

കൊല ചെയ്യപ്പെട്ട മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് കാണിച്ച് മെറിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച നഴ്സ് മോനിപ്പള്ളി മരങ്ങാട്ടിൽ മെറിന്റെ(28) അച്ഛൻ ജോയിയാണ് കുറവിലങ്ങാട് സി.ഐ.ക്ക് പരാതി നൽകിയത്. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും മെറിനെ സ്വഭാവഹത്യ ചെയ്യുന്നതരത്തിലുള്ള ചർച്ചകളാണ്. അസഭ്യവർഷവും ഉണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

അനുശോചനവുമായി ജനപ്രതിനിധികളും

മെറിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി.മുരളീധരൻ ജോയിയെ വാട്സാപ്പ് കോളിലൂടെ അറിയിച്ചു.

ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ മരങ്ങാട്ടിൽ വീട്ടിലെത്തിയപ്പോഴാണ് വാട്സാപ്പ് കോൾ വിളിച്ചത്. സംസ്ഥാന കൗൺസിലംഗം ടി.എ.ഹരികൃഷ്ണൻ, വേണുക്കുട്ടൻ, സി.എം.പവിത്രൻ, സനോജ് കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോയിയെ വിളിച്ച് അനുശോചനം അറിയിച്ചു. മോനിപ്പള്ളിയിലെ വീട്ടിലെത്തിയ ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനമാണ് ചെന്നിത്തലയുടെ നിർദേശാനുസരണം പോലീസിനുള്ള പരാതി തയ്യാറാക്കി നൽകിയത്.

Content Highlights:merin joy murder family given complaint about insulting her through social media