കരുമാല്ലൂര്‍(എറണാകുളം): സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ അപകടത്തില്‍പ്പെടുത്തി നിര്‍ത്താതെപോയ കാര്‍യാത്രക്കാരനായ വ്യാപാരി നേതാവ് പോലീസ് പിടിയില്‍. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി ജില്ലാ സെക്രട്ടറി ആലുവ തായിക്കാട്ടുകര ചേന്നോത്ത് വീട്ടില്‍ സി.കെ. ജലീലി(59)നെയാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പറവൂര്‍ സ്വദേശിനി സുവര്‍ണ സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരേവന്ന ജലീലിന്റെ വാഹനം തട്ടിത്തെറിപ്പിച്ചത്.  റോഡിലേക്കുവീണ സുവര്‍ണയ്ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും സഹായിക്കാന്‍നില്‍ക്കാതെ ജലീല്‍ വാഹനം ഓടിച്ചുപോവുകയായിരുന്നു. അപകടത്തില്‍പ്പെട്ട സുവര്‍ണ മരിച്ചു. ആലുവ-പറവൂര്‍ റോഡില്‍ മാളികംപീടികയ്ക്കു സമീപമായിരുന്നു സംഭവം. ആ സമയം അതിലൂടെ യാത്രചെയ്ത ഇന്നോവ കാര്‍ ദൃക്സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.സി. ടി.വി. ദൃശ്യത്തില്‍നിന്ന് കണ്ടെടുത്തു. കാര്‍ ഓടിച്ചിരുന്നത് ജലീല്‍ ആണെന്നും പോലീസിന് വിവരം ലഭിച്ചു.

ആലങ്ങാട് കോട്ടപ്പുറത്ത് വ്യാപാരികളുടെ യോഗം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് സംഭവം. ഈ വിവരങ്ങളെല്ലാംകാട്ടി പോലീസ് ജലീലിന്റെ തായിക്കാട്ടുകരയിലെ വീട്ടിലെത്തിയെങ്കിലും സി.പി.എം. നേതാവുകൂടിയായ ജലീലിന് രാഷ്ട്രീയസ്വാധീനമുള്ളതുകൊണ്ട് പോലീസ് സംഭവം ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ ആലങ്ങാട് പോലീസ് സ്റ്റേഷന്‍ ഉപരോധസമരം വരെ നടത്തി.

തുടര്‍ന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി. ഇരുചക്രവാഹനത്തില്‍ ഇടിച്ചശേഷം കാര്‍ വഴിമാറി ഓടിയതായി ജി.പി.എസ്. സഹായത്താല്‍ കണ്ടെത്തി. കാറിന്റെ മുന്‍ഭാഗം പൊളിഞ്ഞതായും കണ്ടെത്തി. ടെലിഫോണ്‍ ടവര്‍ ലോക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് കൃത്യമായ തെളിവുകള്‍ ശേഖരിച്ചശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ തായിക്കാട്ടുകരയിലെ വീട്ടില്‍നിന്നും ആലങ്ങാട് പോലീസ് ജലീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപകടകരമായി വണ്ടിയോടിച്ചതിനും കുറ്റകരമായ അനാസ്ഥമൂലം മരണം സംഭവിച്ചതിനുമാണ് ആലങ്ങാട് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: merchant association leader arrested in accident death case eranakulam