എരമംഗലം(മലപ്പുറം): വീട്ടിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിയുടെ സഞ്ചിയില്‍ നിരോധിത പുകയില ഉത്പന്നം ഒളിപ്പിച്ച് പോലീസിനെ കബളിപ്പിച്ച വ്യാപാരി പോലീസ് പിടിയില്‍.

വെളിയങ്കോട് പാമ്പന്റോഡ് സ്വദേശി ഊക്കയില്‍ മജീദ് (48) ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.

വെളിയങ്കോട് പാമ്പന്റോഡിലുള്ള മജീദിന്റെ പലചരക്കുകടയില്‍ നിരോധിത പാന്‍മസാലകള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സഞ്ജിത്ലാലിന്റെ നിര്‍ദേശപ്രകാരമാണ് പൊന്നാനി പോലീസ് കടയില്‍ പരിശോധനയ്‌ക്കെത്തിയത്. പോലീസ് എത്തിയനേരം സാധനങ്ങള്‍ വാങ്ങാനെത്തിയ എട്ടുവയസ്സുകാരനായ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിയുടെ സഞ്ചിയിലേക്ക് മിഠായി കവറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 20 പായ്ക്കറ്റ് പാന്‍മസാല കുട്ടി അറിയാതെ വെച്ചുകൊടുക്കുകയായിരുന്നു.

പോലീസ് കടയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ തിരിച്ചുപോയി പോലീസ് സ്റ്റേഷനില്‍ കയറുമ്പോഴാണ് കുട്ടിയോടൊപ്പം രക്ഷിതാക്കളെത്തി കാര്യങ്ങള്‍ പോലീസിനെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് മജീദിനെ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

 

Content Highlights: merchant arrested with panmasala in eramangalam malappuram