ഓച്ചിറ : മാനസികവിഭ്രാന്തി കാട്ടിയ യുവാവ് തട്ടിയെടുത്ത കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങൾ ഇടിച്ചുതകർത്തു. കാർ തട്ടിയെടുത്ത കണ്ണൂർ ഇരിട്ടി സ്വദേശി അർജുൻ (24) ആണ് ഓച്ചിറയിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്.
തിരുവന്തപുരം തൈക്കാട്, ചാരുവിളാകത്ത് പുത്തൻവീട്ടിൽ അരുണിന്റെ (30) ടാക്സി കാറിൽ ശനിയാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് അർജുൻ യാത്ര ആരംഭിച്ചത്. വൈകീട്ട് ആറുമണിയോടെ ദേശീയപാതയിൽ വവ്വാക്കാവിന് അടുത്ത് എത്തിയതോടെ ഡ്രൈവർ അരുൺ കാർനിർത്തി മൊബൈൽ ചാർജർ വാങ്ങാനായി പുറത്തേക്കിറങ്ങി.
ഈ സമയം അസ്വസ്ഥനായ അർജുൻ കാറിന്റെ താക്കോൽ അരുണിന്റെ കൈയിൽനിന്ന് തട്ടിയെടുത്തശേഷം കാർ അമിതവേഗത്തിൽ ആലപ്പുഴ ഭാഗത്തേക്ക് ഓടിച്ചുപോയി. തുടർന്ന് കാർ ഉടമ മറ്റൊരു വാഹനത്തിൽ പിന്നാലെ പാഞ്ഞു. ഓച്ചിറ പ്രിമിയർ ജങ്ഷന് വടക്കുഭാഗത്തുവെച്ച് തട്ടിയെടുത്ത കാറിന് മുന്നിലെത്തിയതോടെ അർജുൻ കാർ നിർത്തി. എന്നാൽ അരുൺ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതോടെ അർജുൻ വീണ്ടും കാർ അതിവേഗം മുന്നോട്ടെടുത്തു. സമീപത്തുകൂടി കടന്നുവന്ന തിരുവനന്തപുരം സ്വദേശി തോമസ്, കായംകുളം, കൃഷ്ണപുരം സ്വദേശി ഷാനവാസ് എന്നിവരുടെ കാറുകളും മറ്റൊരു വാഹനവും ഇടിച്ചുതെറിപ്പിച്ചശേഷം വശത്തേക്കുമറിഞ്ഞു. ചെറിയ പരിക്കുപറ്റിയ അർജുനെ ഓച്ചിറ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു കായംകുളം പോലീസിന് കൈമാറി. കായംകുളം പോലീസ് ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുൻ കണ്ണൂർ സ്വദേശിയെങ്കിലും ഇപ്പോൾ എറണാകുളം ചെമ്പകമുക്ക് ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിലാണ് താമസിക്കുന്നത്. തിരുവനന്തപുരത്ത് ഷോർട്ട് ഫിലിം ഷൂട്ടിങ്ങിന് എത്തിയ ഇയാൾ സൈറ്റിലുണ്ടായിരുന്ന സഹപ്രവർത്തകരുമായി പിണങ്ങിയശേഷം തിരികെ പോരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Content Highlights:mentally unstable man driven car and creates accident in ochira