ചെങ്ങളായി(കണ്ണൂർ): മാനസിക വൈകല്യമുള്ള 22-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സിയാദ്, അബൂബക്കർ, മുഹമ്മദ് ബാഷ എന്നിവരെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ബൈക്കും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡയിലെടുത്തു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ സിയാദ് ബൈക്കിൽ യുവതിയെ കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ തടയുകയായിരുന്നു. സി.ഐ. ഇ.പി. സുരേശന്റെ നേതൃത്വത്തിൽ നടത്തിയ ചേദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്.

കടയിൽ പോവുകയായിരുന്ന പെൺകുട്ടിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി അരിബ്ര-ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെത്തുടർന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോറിക്ഷയിൽ ഇവിടെ എത്തുകയും മൂവരും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. സിയാദ് നേരത്തെ പീഡന കേസിലും ആട് മോഷണ കേസിലും പ്രതിയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Content Highlights:mentally challenged woman raped in srikandapuram kannur three arrested