മുക്കം(കോഴിക്കോട്): മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാളെ മുക്കം പോലീസ് അറസ്റ്റുചെയ്തു. അരീക്കോട് ചാത്തല്ലൂര്‍ സ്വദേശി പുത്തന്‍പീടിക നസീറാണ് (36) അറസ്റ്റിലായത്. മൈസൂര്‍പറ്റ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി മലയോരമേഖലയിലെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോവുകയും വല്ലത്തായ്പാറയിലെ റബ്ബര്‍ എസ്റ്റേറ്റിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ വീട്ടില്‍ വിടാം എന്നുപറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി തോട്ടുമുക്കത്തിനു സമീപം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ, നസീറിന്റെ ബൈക്കിനു പിറകില്‍ കയറി യുവതി പോകുന്നത് അയല്‍വാസിയായ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നസീറിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കി.

കുറ്റകൃത്യംചെയ്ത് സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ഫോണ്‍ ഓണ്‍ ആകുന്നതുവരെ ക്ഷമയോടെ കാത്തിരുന്ന അന്വേഷണസംഘം പ്രതിയുടെ സുഹൃത്തിനെക്കൊണ്ട് ഫോണിലേക്ക് തന്ത്രപൂര്‍വം വിളിപ്പിക്കുകയും പ്രതി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കുകയും ചെയ്തു. മലപ്പുറം എടവണ്ണയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയെ എടവണ്ണ പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് പിടികൂടിയത്.

മരക്കച്ചവടത്തൊഴിലാളിയായ പ്രതി ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. കേസിന്റെ ഗൗരവം മനസ്സിലാക്കി, ദ്രുതഗതിയിലുണ്ടായ പഴുതടച്ച നീക്കം കാരണമാണ് ഒളിവില്‍പ്പോകാന്‍ ഒരുങ്ങിയിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ കഴിഞ്ഞെതെന്ന് മുക്കം എസ്.ഐ. കെ.പി. അഭിലാഷ് പറഞ്ഞു.

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുക്കം എസ്.ഐ. കെ.പി അഭിലാഷ്, എ.എസ്.ഐ. ബേബി മാത്യു, താമരശ്ശേരി ഡിവൈ.എസ്.പി.യുടെ ക്രൈം സ്‌ക്വാഡ് അംഗം ഷഫീക് നീലിയാനിക്കല്‍, സലീം മുട്ടത്ത്, അനൂപ് മണാശ്ശേരി, ഷൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.