വർക്കല: മാനസികവെല്ലുവിളി നേരിടുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല ചിലക്കൂർ ടി.വി. മുക്ക് ഫിഷർമെൻ കോളനിയിൽ ഐഷ മൻസിലിൽ റിയാസ്(46) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി സൗഹൃദം നടിച്ച് വീട്ടിലെത്തിയാണ് നിരവധി തവണ പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ബുദ്ധിക്കുറവുള്ളയാളും അമ്മ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിൽ കഴിയുന്നയാളുമാണ്.

കെട്ടിടനിർമാണ തൊഴിലാളിയായ പ്രതി പെൺകുട്ടിയുടെ വീട്ടിലെ ചില മരാമത്ത് ജോലികൾ ചെയ്തു നൽകിയാണ് വീട്ടുകാരുമായി സൗഹൃദത്തിലായത്. വീട്ടിൽ പ്രതി സ്ഥിരമായി എത്തുന്നതിൽ സംശയം തോന്നി നാട്ടുകാരാണ് വർക്കല പോലീസിൽ വിവരമറിയിച്ചത്. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സാന്നിധ്യത്തിൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പെൺകുട്ടി പറയുന്നത്. വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ. പി.അജിത്ത്‌കുമാർ, എ.എസ്.ഐ. ജയപ്രസാദ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡു ചെയ്തു.

Content Highlights:mentally challenged girl raped in varkala accused arrested