കണ്ണൂർ: പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ രാജസ്ഥാൻ സ്വദേശിയായ പ്രതി പിടിയിൽ. കണ്ണൂർ നഗരത്തിൽ ബലൂൺ വില്പനക്കാരായ കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ കോട്ട സ്വദേശി വിക്കിബാരെ(25)യെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം രൂപവത്‌കരിച്ച പ്രത്യേകസംഘം രാജസ്ഥാനിലെത്തി അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ഏപ്രിലിലാണ് സംഭവം. പ്രതിയുടെ നാട്ടുകാരിയായ പതിനാറുകാരിയാണ് അതിക്രമത്തിനിരയായത്. കേസിൽ പ്രതിയുടെ സഹോദരി പൂജ(30)യെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അച്ഛൻ മക്ഫൂൽ (55), സഹോദരി കാജോൾ (30) എന്നിവരും പ്രതികളാണ്. ഇവരുടെ അറിവോടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ചുരുങ്ങിയ വിലയ്ക്ക് ബലൂൺ കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ ആദ്യം കോഴിക്കോട്ടേക്കും അവിടുന്ന് രാജസ്ഥാനിലേക്കും കൊണ്ടുപോകുകയും പലയിടത്തുവെച്ചും ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് കേസ്.

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പോലീസാണ് കേസെടുത്തത്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയാണ് കേസന്വേഷിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഗോവയിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തി കണ്ണൂരിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരേ കേസെടുത്തത്. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഡി.ജി.പി.ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.മാരായ റാഫി അഹമ്മദ്, മഹിജൻ, രജ്ഞിത്ത്, മിഥുൻ എന്നിവരുൾപ്പെട്ട പ്രത്യേക സംഘത്തെ നിയോഗിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ തിങ്കളാഴ്ചയാണ് കണ്ണൂരിലെത്തിച്ചത്.

Content Highlights: Men kidnapped and rape minor balloon seller girl