സിഡ്നി: ഓസ്ട്രേലിയയിലെ ബിസിനസ് പ്രമുഖയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. കാണാതായി രണ്ടാഴ്ചയോളം പിന്നിട്ടിട്ടും സിഡ്നി ഡോവർ ഹൈറ്റ്സ് സ്വദേശി മെലീസ കാഡിക്കിനെ(49) കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ല. പ്രഭാത നടത്തത്തിനെന്ന പേരിൽ വീട്ടിൽനിന്നിറങ്ങിയ മെലീസ മനഃപൂർവ്വം വീട് വിട്ടിറങ്ങിയെന്നാണ് പോലീസിന്റെ പുതിയ നിഗമനം. സാമ്പത്തിക ബാധ്യതകളെ തുടർന്നുള്ള നാടകമാണോ ഈ തിരോധാനമെന്നും പോലീസ് സംശയിക്കുന്നു.
രണ്ടാഴ്ച മുമ്പ് വീട്ടിൽനിന്ന് പ്രഭാത നടത്തതിന് പോയ മെലീസയെ പിന്നീട് കാണാതാവുകയായിരുന്നു. ഡോവർ ഹൈറ്റ്സിലെ ഏഴ് മില്യൺ ഡോളർ വിലമതിക്കുന്ന വീട്ടിലാണ് മെലീസ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വീട്ടിൽനിന്നിറങ്ങുമ്പോൾ ഇവർ പേഴ്സോ മൊബൈൽ ഫോണോ എടുത്തിരുന്നില്ല. മാത്രമല്ല, വീട്ടിലെ സി.സി.ടി.വി. ക്യാമറകൾ ദിവസങ്ങൾക്ക് മുമ്പേ പ്രവർത്തനരഹിതമായതും ദുരൂഹത വർധിപ്പിക്കുന്നു.
മെലീസയെ കാണാതായ ദിവസം മുതൽ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഭാര്യയെ കണ്ടെത്താനായി മെലീസയുടെ ഭർത്താവ് അന്തോണി കോലേറ്റിയും ജനങ്ങളുടെ സഹായം തേടി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഒരിക്കലും കണ്ടുപിടിക്കരുതെന്നാകാം മെലീസയുടെ ആഗ്രഹമെന്നും എന്നാൽ അവർക്കായി അന്വേഷണം തുടരുകയാണെന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
വെൽത്ത് മാനേജ്മെന്റ് ബിസിനസിലെ പ്രമുഖയായ മെലീസയെ കാണാതായതോടെ ഇവരുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെലീസയുടെ 17 ബാങ്ക് അക്കൗണ്ടുകൾ ഫെഡറൽ കോടതി മരവിപ്പിച്ചു. വിദേശ പണമിടപാടുകളും മറ്റു സ്വത്തുക്കൾ വിൽപന നടത്തുന്നതും കോടതി വിലക്കിയിട്ടുണ്ട്. മെലീസയുടെ പാസ്പോർട്ടും കോടതി കണ്ടുകെട്ടി.
Content Highlights:melissa caddick missing case sydney