മീററ്റ്: കൂട്ടുകാരിയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ മാവാന സ്വദേശിയായ യുവതിയാണ് മീററ്റ് എസ്.എസ്.പി.ക്ക് പരാതി നൽകിയത്. കൂട്ടുകാരിയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഈ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയാണെന്നുമാണ് യുവതിയുടെ ആരോപണം. സംഭവത്തിൽ എസ്.എസ്.പി. ഇടപെട്ടതോടെ മാവാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൂട്ടുകാരിയുടെ വീട്ടിൽവെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ കൂട്ടുകാരിയും പതിവായി പ്രഭാതസവാരിക്ക് പോകുന്നവരാണ്. സംഭവദിവസം കൂട്ടുകാരിയുടെ വീട്ടിലെത്തിയപ്പോൾ അവർ അവിടെയുണ്ടായിരുന്നില്ല. കൂട്ടുകാരിയുടെ ഭർത്താവ് യുവതിയെ ചായ കുടിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് ഇയാൾ മയക്കുമരുന്ന് കലർത്തിനൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.

ആദ്യം ലോക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും യുവതി ആരോപിച്ചു. ഇതേത്തുടർന്നാണ് മീററ്റ് എസ്.എസ്.പി. പ്രഭാകർ ചൗധരിക്ക് നേരിട്ട് പരാതി നൽകിയത്. എസ്.എസ്.പി. ഉത്തരവിട്ടതോടെ മാവാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Content Highlights:meerut woman filed complaint her friends husband raped and shoots obscene video