ന്യൂഡല്‍ഹി: മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഡൊമിനിക്കന്‍ പ്രതിപക്ഷ നേതാവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണം. മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്‍ ചേതന്‍ ചോക്‌സി ഡൊമിനിക്കയിലെ പ്രതിപക്ഷ നേതാവ് ലിനക്‌സ് ലിന്റണ് പണം നല്‍കിയെന്നാണ് പുതിയ ആരോപണം. ഡൊമിനിക്കയിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ചോക്‌സിയെ നാടുകടത്തുന്നത് സംബന്ധിച്ച് ഇന്ന് കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കോഴ ആരോപണവും പുറത്തുവരുന്നത്. മെഹുല്‍ ചോക്‌സി പിടിയിലായതിന് പിന്നാലെ സഹോദരന്‍ ചേതന്‍ ചോക്‌സി ഹോങ്കോങ്ങില്‍നിന്ന് ഡൊമിനിക്കയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. വന്‍തുകയുമായി ഡൊമിനിക്കയിലെത്തിയ ചേതന്‍ ചോക്‌സി സഹോദരന് പിന്തുണ തേടി പ്രതിപക്ഷ നേതാവിനെ കണ്ടെന്നും രണ്ട് ലക്ഷം ഡോളര്‍(ഏകദേശം 1.46 കോടി രൂപ) പ്രതിപക്ഷ നേതാവിന് നല്‍കിയതായി ആരോപണമുണ്ടെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതേസമയം, മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസില്‍ ഇന്ന് ഡൊമിനിക്കയിലെ കോടതി വാദം കേള്‍ക്കും. ഇന്ത്യയില്‍നിന്നുള്ള എട്ടംഗസംഘവും കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കും. ചോക്‌സിക്കെതിരേ ഇന്ത്യയിലുള്ള കേസുകളെക്കുറിച്ചും എന്തുകൊണ്ട് ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറണമെന്നതും കോടതിയെ ബോധ്യപ്പെടുത്താനാകും സംഘത്തിന്റെ ശ്രമം. 'മിഷന്‍ ചോക്‌സി'യുമായി ബന്ധപ്പെട്ട് സി.ബി.ഐ. വിഭാഗത്തിന്റെ മേധാവി ശാരദ റൗട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൊമിനിക്കയില്‍ ക്യാമ്പ് ചെയ്യുന്നത്. ഇ.ഡി, സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.

Content Highlights:  media reports mehul choksi brother bribed dominican opposition leader