മലപ്പുറം: അന്താരാഷ്ട്രവിപണിയില്‍ മൂന്നുകോടിയിലധികം വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ. (മെഥിലിന്‍ ഡയോക്‌സി മെത്താംഫിറ്റമിന്‍) മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ കക്കാട്ടുചാലില്‍ മുഹമ്മദ് ഹാരിസാണ് (29) പിടിയിലായത്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്ന് എം.ഡി.എം.എ. പോലുള്ള മാരകമയക്കുമരുന്നുകള്‍ കേരളത്തിലേക്കു കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

മൊറയൂര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് ഹാരിസ്. ബെംഗളൂരുവില്‍നിന്ന് കുറഞ്ഞ വിലയ്ക്കു വാങ്ങി കേരളത്തിലെത്തിച്ചാണ് വില്‍പ്പനയെന്ന് ഇയാള്‍ മൊഴിനല്‍കി. ഗ്രാമിന് 5,000 മുതല്‍ 10,000 രൂപ വരെ വിലയിട്ടാണ് വില്‍പ്പന.

ആവശ്യക്കാര്‍ മോഹവില കൊടുത്ത് വാങ്ങുമെന്നതും ഈ കച്ചവടത്തിന്റെ പ്രത്യേകതയാണ്. ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വില്‍പ്പനക്കാരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.തുടര്‍ന്ന് മൊറയൂര്‍ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് കാറില്‍ വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഹാരിസ് പിടിയിലായത്.ജില്ലയിലെ മറ്റു വില്‍പ്പനക്കാരെക്കുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെക്കുറിച്ചുമുള്ള വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.

ഡിവൈ.എസ്.പി. പി.എം. പ്രദീപ്, സി.ഐ. ജോബി തോമസ്, എസ്.ഐ. അമീറലി, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എന്‍.ടി. കൃഷ്ണകുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, സഹേഷ്, എ.എസ്.ഐ. സിയാദ് കോട്ട, എസ്.സി.പി.ഒ.മാരായ സതീഷ് കുമാര്‍, രജീഷ്, ഹമീദലി, ജസീര്‍ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.