അങ്കമാലി: കറുകുറ്റിയില്‍ വാഹനത്തില്‍നിന്ന് രണ്ട് കിലോ മയക്കുമരുന്ന് പിടികൂടിയ കേസ് റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. മയക്കുമരുന്ന് കടത്ത് സംഘത്തെ കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

കൊച്ചിയിലെ ചില ഉന്നതര്‍ക്കുവേണ്ടിയാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തളിപ്പറമ്പ് മന്ന സി.കെ. ഹൗസില്‍ ആബിദ് (33), ചേര്‍ത്തല വാരനാട് വടക്കേവിള ശിവപ്രസാദ് (29) എന്നിവരാണ് രണ്ട് കോടിയിലധികം വില വരുന്ന എം.ഡി.എം.എ.യുമായി കറുകുറ്റിയില്‍ പിടിയിലായത്. ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കു വന്ന പിക്ക് അപ് വാനിലാണിത് കടത്തിയത്.

ആബിദ് നേരത്തെ കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. പ്രതികളുടെ ബന്ധങ്ങളും മുന്‍കാല ചരിത്രവും അന്വേഷിക്കുന്നുണ്ട്. ഇവര്‍ മുന്‍പ് ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. ചെന്നൈയിലേക്ക് പൈനാപ്പിളുമായി പോയി മടങ്ങിവരുമ്പോള്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

തെളിവെടുപ്പ് നടത്തി

ചെറായി: അങ്കമാലിയില്‍ ലഹരിമരുന്നുമായി പിടിയിലായ ചേര്‍ത്തല വരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം-29) വാടകയ്ക്ക് താമസിക്കുന്ന കുഴുപ്പിള്ളിയിലെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി.

ശിവപ്രസാദിനെയും കൂട്ടുപ്രതി തളിപ്പറമ്പ് സി.കെ. ഹൗസില്‍ ആബിദി (33) നെയും കൂട്ടിയാണ് പോലീസെത്തിയത്. അഡീഷണല്‍ എസ്.പി. എസ്. മധുസൂദനന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട് പരിശോധിച്ചു. ലഹരിമരുന്ന് പായ്ക്ക് ചെയ്യാനുപയോഗിക്കുന്നതെന്നു കരുതുന്ന തീരെ ചെറിയ കുറച്ച് പ്ലാസ്റ്റിക് പാക്കറ്റുകള്‍ മാത്രമാണ് ഇവിടെ നിന്നു കിട്ടിയത്.

ഭാര്യയും ഭാര്യയുടെ അനുജത്തിയുമാണ് വാടകവീട്ടില്‍ ഉണ്ടായിരുന്നത്. മുമ്പ് കാക്കനാട് താമസിക്കുമ്പോള്‍ ലഹരി കടത്തുകാരുമായി കൂട്ടുകെട്ട് ഉണ്ടായതിനെ തുടര്‍ന്ന് തന്റെ നിര്‍ബന്ധത്താലാണ് എല്ലാം ഉപേക്ഷിച്ച് കുഴുപ്പിള്ളിയിലേക്ക് താമസം മാറ്റിയതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. കുഴുപ്പിള്ളിയിലെ വീട്ടില്‍ ഒരു മാസം മുമ്പാണ് ശിവപ്രസാദും ഭാര്യയും താമസം തുടങ്ങിയത്. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാര്‍ക്കായി ടാക്‌സി ഓടിക്കുകയാണെന്നാണ് ശിവപ്രസാദ് പറഞ്ഞിരുന്നത്. രണ്ട് കോടിയുടെ മയക്കുമരുന്നുമായി ശനിയാഴ്ചയാണ് ഇവര്‍ പിടിയിലായത്.