അങ്കമാലി: രണ്ടു കിലോയോളം എം.ഡി.എം.എ. മയക്കുമരുന്നുമായി കറുകുറ്റിയിൽ രണ്ടുപേരെ എറണാകുളം റൂറൽ പോലീസ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ രണ്ടു കോടിയിൽപ്പരം രൂപ വിലവരുന്നതാണിതെന്ന് പോലീസ് അറിയിച്ചു. ചേർത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം -29), തളിപ്പറപ്പ് മന്ന സി.കെ. ഹൗസിൽ ആബിദ് (33) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ചെന്നൈയിൽ നിന്ന് പിക്കപ്പ് വാനിൽ ഒളിപ്പിച്ച് കൊണ്ടുവന്നതാണിത്. എസ്.പി കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തി വാഹനം പിടിക്കുകയായിരുന്നു.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണിത്. മുനമ്പം കുഴുപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ് സംഘം.

സംസ്ഥാനത്തെ വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണിത്. എ.ഡി.എസ്.പി എസ്. മധുസൂദനൻ, ഡിവൈ.എസ്.പി. മാരായ അശ്വകുമാർ, ടി.എസ്. സിനോജ്, എസ്.ഐ കെ. അജിത്ത്, ഡാൻസാഫ് ടീം എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

Content Highlights:mdma drugs seized from angamaly