കൊച്ചി: ലോക്ഡൗൺ തുടരുന്നതിനിടയിലും കൊച്ചിയിലേക്ക് സുലഭമായി ലഹരിമരുന്ന് ഒഴുകുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിന്റെ മറവിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് നടത്തുന്ന 'റേവ് പാർട്ടി'കളിലേക്കാണ് ലഹരി എത്തുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സിന്തറ്റിക് ലഹരിമരുന്ന് ഉൾപ്പെടെയുള്ളവയുമായി ഒട്ടേറെപ്പേരാണ് ദിവസവും പിടിയിലാകുന്നത്.

അങ്കമാലിയിൽ സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ. രണ്ടു കിലോയാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. കോടികൾ വിലമതിക്കുന്ന പാർട്ടി ഡ്രഗായ എം.ഡി.എം.എ. എത്തിച്ചത് വൻ ലഹരി പാർട്ടികൾ ലക്ഷ്യമാക്കിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ പിടിയിലായ പ്രതികൾക്ക് ഇത്രവലിയ അളവിൽ ലഹരിമരുന്ന് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഇവ ചെറിയതോതിൽ വിൽപ്പന നടത്താൻ പറ്റിയ അളവിലുള്ളതുമല്ല.

നക്ഷത്ര ഹോട്ടലുകളിൽ നിശാ പാർട്ടികളിൽ റെയ്‌ഡ് നടത്തി ലഹരിമരുന്ന് പിടികൂടിയതിനു പിന്നാലെ ഹോട്ടലുകളിൽ പാർട്ടികൾക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ, ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് നിലവിൽ പാർട്ടികൾ മാറിയിട്ടുണ്ടെന്ന് രഹസ്യവിവരം ഉണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന ചില തെളിവുകൾ പോലീസിന് ലഭിക്കുകയും ചെയ്തു.

അങ്കമാലി കേസിലെ പ്രതിയായ ആബിദ് താമസിച്ചിരുന്ന തൃക്കാക്കരയിലെ ഫ്ലാറ്റിൽനിന്ന് 70 മില്ലിഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം എം.ഡി.എം.എ. എന്നിവ കിട്ടിയിരുന്നു. റേവ് പാർട്ടിക്കായാണ് ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് കരുതുന്നത്. കുഴുപ്പിള്ളിയിലും ഇവർ ഒരു വീട് എടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് പങ്കുള്ള ഉന്നതരെ പിടികൂടാനായി അന്വേഷണം പോലീസ് തുടങ്ങിയിട്ടുണ്ട്.

പിക്കപ്പ് വാഹനങ്ങൾ നിരീക്ഷണത്തിൽ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കുറഞ്ഞതോടെ ചരക്കുവാഹനങ്ങളിൽ ലഹരിവസ്തുക്കൾ എത്തുന്നുവെന്ന് നേരത്തെതന്നെ രഹസ്യവിവരമുണ്ടായിരുന്നു. എന്നാൽ, സിന്തറ്റിക് ലഹരി ഇത്ര അളവിൽ എത്തുമെന്ന് പോലീസ് പ്രതീക്ഷിച്ചില്ല. അങ്കമാലിയിൽ പിടികൂടിയ ലഹരി ചെന്നൈയിൽ നിന്ന് എത്തിച്ചതാണ്. ചെന്നൈ ട്രിപ്ലിക്കെയിൻ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് കടത്തുന്ന വൻ സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. മുൻപ് കൊച്ചിയിൽ 200 കോടി രൂപ വരുന്ന എം.ഡി.എം.എ. പിടികൂടിയിരുന്നു. ഇത് എത്തിയതും ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ നിന്നായിരുന്നു.

കഞ്ചാവിനും കുറവില്ല

എറണാകുളം ജില്ലയിൽ കഴിഞ്ഞമാസം മാത്രം എക്സൈസ് പിടികൂടിയത് 140 കിലോ കഞ്ചാവാണ്. ജൂണിൽ ഇതുവരെ 40 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. കോവിഡ് വ്യാപനം ഇല്ലാതിരുന്ന സമയത്തുണ്ടായിരുന്നത് പോലെയുള്ള പരിശോധനകൾ നിലവിൽ നടത്താനാകുന്നില്ല. എന്നിട്ടും ഇത്ര വലിയ അളവിൽ കഞ്ചാവ് പിടികൂടിയത് ആളുകൾ വീടുകളിലാകുമ്പോഴും ഇവയുടെ വിൽപ്പനയും ഉപയോഗവും വലിയ അളവിൽ നടക്കുന്നവെന്നതിന്റെ സൂചനയാണ്.

ഇൻഫർമേഷൻ ഇല്ല

കച്ചവടം ഓൺലൈൻ വഴി ഉറപ്പിക്കും. വിൽപ്പനയും വാങ്ങലും രണ്ടു പേർക്കിടയിൽ മാത്രം അറിയുന്ന കാര്യമാണ്. ലോക്ഡൗൺ ആയതിനാൽത്തന്നെ കൈമാറ്റം മറ്റാരുടെയും ശ്രദ്ധയിൽ വരാൻ സാധ്യതയില്ല. ഇതിനാൽത്തന്നെ ഇൻഫർമേഷൻസ് കിട്ടാനും അന്വേഷണ സംഘങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്.

ഭക്ഷണപദാർഥവുമായും മരുന്നുമായും നഗരത്തിലൂടെ സഞ്ചരിക്കുന്നവരെ പോലീസ് പരിശോധന നടത്തുന്നില്ല. കാര്യം തിരക്കുകയും സാക്ഷ്യപത്രം പരിശോധിക്കുകയും മാത്രമാണ് ചെയ്യാറ്. ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ വേഷം ധരിച്ച് ലഹരിവസ്തുക്കൾ കൈമാറിയവരെ മുമ്പ് പിടികൂടിയിരുന്നു. സത്യസന്ധമായി പ്രവർത്തിക്കുന്നവർക്കിടയിൽ നിന്ന് ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ പിടികൂടുന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

പരമാവധി വിവരം ശേഖരിക്കും

പരമാവധി ഇൻഫർമേഷൻ ശേഖരിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ റെയ്‌ഡുകൾ നടത്തുകയും ചെയ്യുന്നുണ്ട്. മുമ്പ് സ്കൂളുകളിൽ കുട്ടികൾക്ക് ബോധവത്‌കരണം നടത്തിയിരുന്നു. എന്നാൽ, ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ ഇത് മുടങ്ങി. ഇതിനാൽ ഓൺലൈനായി ലഹരിവിരുദ്ധ ബോധവത്‌കരണം നടത്താൻ പദ്ധതിയുണ്ട്.

-അശോക് കുമാർ

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ

വേരറുക്കാനാണ് തീരുമാനം

സിന്തറ്റിക് ലഹരിമരുന്ന് എത്തിക്കുന്നവരുടെ വേരറുക്കാൻ തന്നെയാണ് തീരുമാനം. കാരിയർമാരെ മാത്രം പിടികൂടുന്നതിൽ കാര്യമില്ല. ഇതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്‌കരിച്ചത്. മയക്കുമരുന്ന് എത്തിച്ച ചെന്നൈയിൽ അടക്കം അന്വേണമുണ്ടാകും. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി സ്വീകരിക്കും.

-കെ. കാർത്തിക്

എറണാകുളം റൂറൽ എസ്.പി.