അഹമ്മദാബാദ്:  ആരോഗ്യകേന്ദ്രത്തില്‍നിന്ന് കോവിഡ് പരിശോധന കിറ്റുകള്‍ മോഷ്ടിച്ചെന്ന കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. അഹമ്മദാബാദ് എന്‍.എച്ച്.എല്‍. മുനിസിപ്പല്‍ മെഡിക്കല്‍ കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയും ഗാന്ധിനഗര്‍ സ്വദേശിയുമായ മീത് ജെത്വ(21)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 24-നാണ് അഹമ്മദാബാദ് ഗട്ട്‌ലോഡിയയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍(യുഎച്ച്‌സി) നിന്ന് മീത് ജെത്വ 6.27 ലക്ഷം രൂപയുടെ കോവിഡ് പരിശോധന കിറ്റുകള്‍ മോഷ്ടിച്ചത്. 

16 പെട്ടി കോവിഡ് ആന്റിജന്‍ പരിശോധന കിറ്റുകള്‍ കാണാനില്ലെന്ന് ആരോഗ്യകേന്ദ്രത്തിന്റെ  ചുമതലയുള്ള ഡോ. പവന്‍ പട്ടേല്‍ മാര്‍ച്ച് 24-ന് തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജീവനക്കാരാണ് പരിശോധന കിറ്റുകള്‍ കാണാനില്ലെന്ന് തന്നെ അറിയിച്ചതെന്നും ഒരാള്‍ കാറില്‍ കിറ്റുകള്‍ കയറ്റികൊണ്ടുപോകുന്നത് ജീവനക്കാരിലൊരാള്‍ കണ്ടെന്നും പരാതിയിലുണ്ടായിരുന്നു. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും പോലീസിന് നല്‍കി. തുടര്‍ന്ന് കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് വില്‍ക്കാനാണ് എംബിബിഎസ് വിദ്യാര്‍ഥിയായ പ്രതി കോവിഡ് കിറ്റുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

Content Highlights: mbbs student arrested for stealing covid test kits in gujarat