കോട്ടയം: കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളിൽ എം.ബി.ബി.എസ്. കോഴ്സിന് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഭാ നേതാവ് അറസ്റ്റിൽ. കാത്തലിക് ഫോറം പ്രസിഡന്റും കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ പി.ആർ.ഒ.യുമായ തിരുവല്ല പെരുന്തുരുത്തി കാവുംഭാഗം പഴയചിറ വീട്ടിൽ ബിനു ചാക്കോ(45) യെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശി നൗഷാദിന്റെ പാരാതിയിലാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്. 2019-ൽ സഭയുടെ തൃശ്ശൂരിലുള്ള സ്ഥാപനത്തിൽ പ്രവേശനം നൽകാമെന്ന് വിശ്വസിപ്പിച്ച് തുക തട്ടിയെടുക്കുകയായിരുന്നു.

പ്രവേശനം ലഭിക്കാതെവന്നതോടെ തുക മടക്കി ആവശ്യപ്പെട്ടെങ്കിലും ഇയാൾ മുങ്ങി. കോട്ടയത്തുവെച്ചാണ് പ്രതി പരാതിക്കാരുമായി പരിചയപ്പെടുന്നത്. സഭയ്ക്ക് നൽകാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് വഴി തുക വാങ്ങുകയായിരുന്നു.

മെഡിക്കൽ സീറ്റ് തട്ടിപ്പിനുപിന്നിൽ മറ്റ് പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റെയിൽവേയിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതിനും വിവിധ സ്ഥലങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് പണം നൽകാതെ കബളിപ്പിച്ചതുൾപ്പെടെ അറസ്റ്റിലായ ബിനു ചാക്കോയ്ക്കെതിരെ നിരവധി തട്ടിപ്പ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. നൗഷാദിന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയതോടെ ഒളിവിൽപോയ പ്രതിയെ എറണാകുളത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.

വെസ്റ്റ് എസ്.ഐ.മാരായ ടി.ശ്രീജിത്ത്, നാരായണൻ ഉണ്ണി, അനിൽ വർഗീസ്, സി.പി.ഒ. സുധീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയത്തെത്തിച്ച് ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Content Highlights:mbbs seat fraud case kottayam