കൊല്ലം : കേരള ആരോഗ്യസർവകലാശാലയുടെ എം.ബി.ബി.എസ്. പരീക്ഷയുടെ ഉത്തരക്കടലാസിൽ തിരിമറിനടന്ന സംഭവത്തിൽ ആരോപണവിധേയരായ വിദ്യാർഥികളിൽനിന്നും പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകരിൽനിന്നും പോലീസ് മൊഴിയെടുക്കും. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് കണ്ണനല്ലൂർ പോലീസിൽ നൽകിയ പരാതിയിലാണ് നടപടി.

കോളേജിൽനിന്നു പരീക്ഷയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രാഥമികാന്വേഷണം പൂർത്തിയായ ശേഷമേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയുള്ളൂ. സർവകലാശാലയുടെ പരീക്ഷച്ചട്ടപ്രകാരം ആരോപണവിധേയരായ മൂന്നു വിദ്യാർഥികളെ തുടർച്ചയായി അഞ്ചു തവണ പരീക്ഷയെഴുതുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. പരീക്ഷാ സൂപ്രണ്ടിനെയും മൂന്ന് ഇൻവിജിലേറ്റർമാരെയും പരീക്ഷാ ചുമതലയിൽനിന്ന് ഒഴിവാക്കി.

അധ്യാപകർ കുറ്റംചെയ്തെന്ന് തെളിഞ്ഞാൽ ശിക്ഷാനടപടിയുടെ ഭാഗമായി സർവീസിൽനിന്ന് പുറത്താക്കാൻ ചട്ടമുണ്ട്. ഇവർക്ക് മേലിൽ സർവകലാശാലയുടെ പരീക്ഷാ ചുമതല നൽകില്ല. ഇതുസംബന്ധിച്ച് ആരോഗ്യസർവകലാശാലയും അന്വേഷണം നടത്തുന്നുണ്ട്. ഉത്തരക്കടലാസിൽ എങ്ങനെ തിരിമറിനടന്നെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോളേജ് മാനേജ്മെന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട് .

2012-ൽ എം.ബി.ബി.എസ്. പ്രവേശനം നേടിയ മൂന്ന് വിദ്യാർഥികളുടെ ഉത്തരക്കടലാസിലാണ് തിരിമറി കണ്ടെത്തിയത്. ഈവർഷം ജനുവരിയിൽ നടന്ന മൂന്നാംവർഷ എം.ബി.ബി.എസ്. പാർട്ട് ഒന്ന് (അഡീഷണൽ) പരീക്ഷയിലാണ് ക്രമക്കേട്.

ആരോപണവിധേയരായ കുട്ടികൾ പരീക്ഷാ ഹാളിലിരുന്ന് പരീക്ഷയെഴുതിയെന്ന് ഉറപ്പാണെന്ന് സർവകലാശാലാ അധികൃതർ പറയുന്നു. ഉത്തരക്കടലാസ് അയയ്ക്കുമ്പോഴാണ് തിരിമറി നടന്നിരിക്കുന്നത്. ഇവരുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ ഉത്തരക്കടലാസ് മറ്റാരോ എഴുതി നൽകുകയായിരുന്നു.

ഉത്തരക്കടലാസ് അയയ്ക്കുന്ന പാക്കറ്റിൽത്തന്നെ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സി.സി.ടി.വി.ദൃശ്യമടങ്ങിയ വീഡിയോയും അയയ്ക്കുന്നുണ്ട്. എന്നാൽ ഉത്തരക്കടലാസ് പായ്ക്കു ചെയ്യുന്നിടത്ത് സി.സി.ടി.വി. ഇല്ല. ഇവരുടെ ഉത്തരക്കടലാസ് തന്നെയാണ് പായ്ക്കു ചെയ്തതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പരീക്ഷാ ചുമതലയുള്ള അധ്യാപകർ. അന്വേഷണത്തിലൂടെയെ തിരിമറി നടന്നതെങ്ങനെയെന്ന് വ്യക്തമാകൂ.