കൊല്ലം: ഏതു കുറ്റകൃത്യത്തിലും അവശേഷിക്കുന്ന അദ്ഭുതകരമായ തെളിവാണ് എം.ബി.ബി.എസ്.പരീക്ഷത്തട്ടിപ്പും പുറത്തുകൊണ്ടുവന്നത്. 56 പേജുകളുള്ള ഉത്തരക്കടലാസിനുപകരം തട്ടിപ്പിനുപയോഗിച്ച 36 പേജിന്റെ ഒരു പഴയ ബുക്ക്ലെറ്റ് അബദ്ധത്തിൽ സർവകലാശാലയ്ക്ക് അയച്ചതാണ് കെണിയായത്.

ബുക്ക്ലെറ്റിൽ എല്ലാ പേജിലും ബാർ കോഡുണ്ട്. വിദ്യാർഥിയുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തുന്ന ഭാഗം കീറി മാറ്റി ഒരു കവറിലും ബാക്കിഭാഗം മറ്റൊരു കവറിലുമാക്കിയാണ് പരീക്ഷാകേന്ദ്രത്തിൽനിന്ന് സർവകലാശാലയിലേക്ക് അയയ്ക്കുക. മൂല്യനിർണയം കഴിഞ്ഞ് സ്ലിപ്പുകളും ഉത്തരക്കടലാസുകളിലെ ബാർ കോഡുമായി ഒത്തുനോക്കിയപ്പോൾ ഒരു സ്ലിപ്പിന് യോജിച്ച ഉത്തരക്കടലാസ് ഇല്ലെന്നു കണ്ടു. ഒരു ഉത്തരക്കടലാസിന് ചേരുന്ന സ്ലിപ്പും ഉണ്ടായിരുന്നില്ല.

തുടർന്നു നടത്തിയ പരിശോധനയിൽ ഒരു കുട്ടിയുടെ ഉത്തരക്കടലാസ് 36 പേജുള്ള പഴയ ബുക്ക്ലെറ്റാണെന്ന് കണ്ടെത്തി. വിദ്യാർഥിയെ വിളിച്ചു വരുത്തിയപ്പോൾ താൻ എഴുതിയ പേപ്പറല്ലെന്ന് പറഞ്ഞു. ഇയാൾ എഴുതിയ മറ്റു പേപ്പറുകൾ പരിശോധിച്ചപ്പോൾ കൈയക്ഷരം വ്യത്യസ്തമാണെന്നും കണ്ടു. തുടർന്ന് ഈ കോളേജിലെഴുതിയ 56 പേരുടെയും ഉത്തരക്കടലാസുകൾ എടുത്ത് മുൻ പരീക്ഷകളിലെ പേപ്പറുകളിലെ കൈയക്ഷരവുമായി ഒത്തുനോക്കി. അപ്പോഴാണ് മൂന്നു കുട്ടികൾക്ക് 95 ശതമാനം മാർക്കുണ്ടെന്ന് കണ്ടത്. ഇവരുടെ മുൻപരീക്ഷകളിലെ കൈയക്ഷരവും ഇതുമായി സാമ്യമില്ലായിരുന്നു. ഇവരെ വിളിച്ചു വരുത്തി ചോദിച്ചപ്പോൾ ആദ്യം തങ്ങൾ എഴുതിയതാണെന്ന് പറഞ്ഞെങ്കിലും പിന്നീട് തങ്ങളുടെ പേപ്പറല്ലെന്ന് അറിയിച്ചു.

മൂന്നു കുട്ടികൾക്ക് പരീക്ഷാഹാളിൽ എഴുതാൻ 36 പേജിന്റെ പഴയ ബുക്ക്ലെറ്റ് നൽകുകയും ഇവരുടെ യഥാർഥ ഉത്തരക്കടലാസിൽ മറ്റാരോ എഴുതുകയും ചെയ്തെന്നാണ് സർവകലാശാലയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഉത്തരക്കടലാസ് അയയ്ക്കുമ്പോൾ ഇവർ എഴുതിയതു മാറ്റി പകരം പുതിയ ബുക്ക്ലെറ്റുകൾ വച്ചു. പക്ഷേ, ആരുടെയോ അശ്രദ്ധ കൊണ്ട് മറ്റൊരു കുട്ടിയുടെ യഥാർഥ ഉത്തരക്കടലാസിനു പകരം ഇവരിലൊരാൾ പരീക്ഷാ ഹാളിൽ എഴുതിയ 36 പേജിന്റെ ബുക്ക്ലെറ്റ് കവറിലാക്കി അയച്ചു. തട്ടിപ്പിൽ പങ്കാളിയല്ലാത്ത ഈ കുട്ടിയുടെ യഥാർഥ ഉത്തരക്കടലാസ് നശിപ്പിച്ചെന്നാണ് കരുതുന്നത്. ഇയാൾക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

Content Highlights:mbbs exam cheating in kollam azeezia medical college