തൃശ്ശൂർ: കുടുംബശ്രീ അംബാസഡർ ചമഞ്ഞ് വ്യാപാരിയിൽനിന്നു വെളിച്ചെണ്ണ വാങ്ങി മറിച്ചുവിറ്റ് പണം നൽകാതെ വഞ്ചിച്ചെന്ന കേസിൽ എം.ബി.എ. ബിരുദധാരി അറസ്റ്റിൽ. അമ്പലപ്പുരം കോരാട്ടുവളപ്പിൽ അജീഷിന്റെ ഭാര്യ ചൈതന്യയെ (45) ആണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

അത്താണി വ്യവസായ പാർക്കിലെ കെവിൻ ജോർജ് നൽകിയ പരാതിയിലാണ് നടപടി. 2750 ലിറ്റർ വെളിച്ചെണ്ണയുടെ തുകയായ 5.36 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി ചതിക്കുകയായിരുന്നു. വ്യാപാരിയിൽനിന്ന് വാങ്ങിയ വെളിച്ചെണ്ണ മറിച്ചുവിൽക്കുകയും ചെയ്തു. സമാനമായ പല കേസുകളിലും പ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

വണ്ടിച്ചെക്ക് നൽകി മറ്റൊരു വ്യാപാരിയെ തട്ടിച്ച കേസിൽ പ്രതിയായിരിക്കെ ജാമ്യമെടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിൽ എസ്.ഐ. സരിത്ത്‌കുമാർ, എ.എസ്.ഐ. സന്തോഷ്കുമാർ, സീനിയർ സി.പി.ഒ.മാരായ അംബിക, അജിതകുമാരി, ഡേവിസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights:mba holder arrested in fraud case in thrissur