ഹൈദരാബാദ്: വൃക്കദാതാക്കളെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് രോഗികളിൽനിന്നും പണം തട്ടിയ യുവാവ് അറസ്റ്റിൽ. ഗുണ്ടൂർ സ്വദേശി ഡി. ശൺമുഖ പവൻ ശ്രീനിവാസിനെ(25)യാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. എം.ബി.എ. ബിരുദധാരിയായ ഇയാൾ ഒട്ടേറെപേരെയാണ് ഇത്തരത്തിൽ വഞ്ചിച്ച് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.

ഭർത്താവിന്റെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയിൽനിന്നും ഇയാൾ പണം തട്ടിയിരുന്നു. 34 ലക്ഷം രൂപ നഷ്ടപ്പെട്ട ഇവർ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഇതോടെ വൻ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു.

എംബിഎ ബിരുദധാരിയായ ശ്രീനിവാസ് നേരത്തെ തന്റെ വൃക്ക വിറ്റിരുന്നു. ഇതിൽനിന്ന് ലഭിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു. എന്നാൽ അടുത്തിടെ ഓഹരിവിപണിയിൽനിന്ന് വൻ നഷ്ടം നേരിട്ടതോടെയാണ് തട്ടിപ്പുമായി രംഗത്തിറങ്ങിയത്.

ഏകദേശം മുപ്പത് പേരിൽനിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിൽ ഏഴ് പേർക്ക് ദാതാക്കളെ സംഘടിപ്പിച്ച് നൽകി. ബാക്കിയുള്ളവരിൽനിന്ന് പണം വാങ്ങിയ ശേഷം മുങ്ങി. തുർക്കിയിൽനിന്നും ശ്രീലങ്കയിൽനിന്നും ദാതാക്കളെ എത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് ഒരാളിൽനിന്ന് ഈടാക്കിയിരുന്നത്.

തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതി. ശ്രീലങ്കയിലെ കാസിനോകളിലെ സ്ഥിരംസന്ദർശകനായ ഇയാൾ ലക്ഷങ്ങളാണ് അവിടെ ചെലവഴിച്ചിരുന്നത്. ഇയാൾക്കെതിരേ നേരത്തെ മൂന്ന് കേസുകളുണ്ടെന്നും അനധികൃതമായി താമസിച്ചതിന് ശ്രീലങ്കയിൽ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Content Highlights:mba holder arrested for kidney donor scam in hyderabad