ചേര്‍പ്പ്: കുടുംബശ്രീ അംബാസഡര്‍ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ എം.ബി.എ. ബിരുദധാരി വീണ്ടും അറസ്റ്റില്‍. പെരിങ്ങണ്ടൂര്‍ അമ്പലപ്പുരം കോരാട്ടുവളപ്പില്‍ ചൈതന്യയെ (45) ചേര്‍പ്പ് പോലീസാണ് അറസ്റ്റ് ചെയ്തത്.
സഹകരണ സംഘത്തിന്റെ കീഴിലുള്ള നാളികേര സംസ്‌കരണ യൂണിറ്റില്‍നിന്ന് വെളിച്ചെണ്ണ വാങ്ങി മറിച്ചുവിറ്റ് പണം നല്‍കാതെ വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. 8.30 ലക്ഷം വില വരുന്ന 4,150 ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങി മൂന്ന് വണ്ടിച്ചെക്കുകള്‍ നല്‍കി ചതിച്ചെന്നാണ് കേസ്. വെള്ളിയാഴ്ച നെടുപുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി. ഷിബു, സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത്,ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അത്താണിയിലെ ഒരു വ്യാപാരിയില്‍നിന്ന് 2,750 ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങി 5.36 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി ചതിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വണ്ടിച്ചെക്ക് നല്‍കി മറ്റൊരു വ്യാപാരിയെ തട്ടിച്ച കേസില്‍ പ്രതിയായിരിക്കെ ജാമ്യമെടുക്കാതെ മുങ്ങിനടക്കുന്നതിനിടെയാണ് അന്ന് അറസ്റ്റിലായത്.സമാന രീതിയില്‍ പാലക്കാട് സ്വദേശിയായ സംഗീത് എന്നയാളില്‍ നിന്ന് 1,51,987 രൂപയുടെ സാധനങ്ങള്‍ വാങ്ങി വഞ്ചിച്ച കുറ്റത്തിന് ഇവര്‍ക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ കേസെടുത്തിരുന്നു.
പെരിങ്ങണ്ടൂരില്‍ പ്രതി നടത്തുന്ന കുഞ്ഞൂസ് അസോഷ്യേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടപാടുകാരെ സമീപിക്കുന്നതും കച്ചവടം ഉറപ്പിക്കുന്നതും. ഇരിങ്ങാലക്കുട, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വെളിച്ചെണ്ണ കമ്പനികളില്‍ നിന്ന് സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് പ്രതിയുടെ പേരില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: mba graduate woman arrested in fraud case