മാവേലിക്കര: കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ (40) കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍നിന്ന് പോലീസ് പിടികൂടി. മാവേലിക്കര പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര എ.സി.പി.യുടെയും കളമശ്ശേരി ഇന്‍സ്പെക്ടറുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്നു മാവേലിക്കര എസ്.ഐ. അംശുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘത്തിനു കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ലിജു ഉമ്മനെ മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇയാള്‍ എത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ മാവേലിക്കര പോലീസ് ഇവിടം കേന്ദ്രീകരിച്ചു തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തിങ്കളാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മാവേലിക്കര പോലീസ് വിവരം കൊച്ചിക്കു കൈമാറിയത്. നാളുകളായി പോലീസിനെ കബളിപ്പിച്ചു നടന്ന ലിജു ഉമ്മനെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം ചേരാവള്ളി തയ്യില്‍ തെക്കതില്‍ നിമ്മി (32) യുടെ തഴക്കരയിലെ വാടക വീട്ടില്‍നിന്നാണു കഴിഞ്ഞ ഡിസംബറില്‍ 29 കിലോ കഞ്ചാവും വാറ്റുപകരണങ്ങളും നാലര ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും കെട്ടുകണക്കിന് ഹാന്‍സും പിടികൂടിയത്. നിമ്മിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും അന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.