മാവേലിക്കര: തഴക്കരയിലെ വീട്ടിൽ പോലീസ് റെയ്‌ഡിനെത്തിയപ്പോൾ കണ്ടത് കാറിലും വീടിനകത്തുമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ. ഒപ്പം വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും. ഗുണ്ടാനേതാവ് ലിജു ഉമ്മനും കായംകുളം ചേരാവള്ളി സ്വദേശി നിമ്മിയും ചേർന്നാണ് ജില്ലാ ആശുപത്രിക്ക് സമീപത്തെ വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവും മറ്റുലഹരിവസ്തുക്കളും ശേഖരിച്ചിരുന്നത്. ഇവിടെനിന്ന് വിവിധയിടങ്ങളിലേക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നതായിരുന്നു നിമ്മിയുടെ ചുമതല.

സംഭവത്തിൽ ഗുണ്ടാനേതാവ് പുന്നമൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മനെ (40 ) ഒന്നാം പ്രതിയാക്കിയാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലിജു ഉമ്മൻ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് റെയ്‌ഡ് നടത്തിയത്.

വീടിനുള്ളിലും മുറ്റത്തുണ്ടായിരുന്ന സ്കോഡ കാറിലുംനിന്നായി 29 കിലോ കഞ്ചാവ്, മൂന്നു പ്ലാസ്റ്റിക് കുപ്പികളിലായി നാലരലിറ്റർ ചാരായം, രണ്ടു കന്നാസുകളിലായി 30 ലിറ്റർ കോട, സഞ്ചികളിലാക്കി സൂക്ഷിച്ചിരുന്ന 1,785 പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ, വീടിന്റെ അടുക്കളയിൽനിന്ന് വാറ്റുപകരണങ്ങൾ എന്നിവയാണു കണ്ടെടുത്തത്.

ലിജു ഉമ്മന്റെ നേതൃത്വത്തിൽ വീട്ടിൽ ശേഖരിക്കുന്ന കഞ്ചാവും മറ്റും ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിൽ നിമ്മി എത്തിച്ചുകൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് പരിശോധയ്ക്കെത്തുമ്പോൾ നിമ്മിയുടെ എട്ടുവയസ്സുള്ള മകനും നാലുവയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു. ഇവരെ നിമ്മിയുടെ ബന്ധുവിനെ വിളിച്ചുവരുത്തി കൈമാറി.

മാന്നാർ സി.ഐ. എസ്. ന്യൂമാൻ, മാവേലിക്കര എസ്.ഐ. എബി പി. മാത്യു, എസ്.ഐ. കെ.കെ. പ്രസാദ്, ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡിലെ എസ്.ഐമാരായ വൈ. ഇല്യാസ്, സന്തോഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനു വർഗീസ്, പ്രതാപചന്ദ്രമേനോൻ, എം. പ്രസന്നകുമാരി, സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, ഗിരീഷ് ലാൽ, ശ്രീകുമാർ, ജി. ഗോപകുമാർ എന്നിവരാണു പരിശോധനയ്ക്കു നേതൃത്വംനൽകിയത്.

Content Highlights:mavelikkara ganja case accused nimmi and liju oommen