മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിലെ 34 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജര്‍ അറസ്റ്റില്‍. തഴക്കര ശാഖാ മാനേജരായിരുന്ന ചെന്നിത്തല താഴവന വീട്ടില്‍ ജ്യോതിമധു(47)വിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇവരെ മാവേലിക്കര സബ്ജയിലിലാക്കി. തഴക്കര ശാഖയില്‍ ക്രമക്കേട് കണ്ടെത്തിയതിനുശേഷം സസ്പെന്‍ഷനിലായിരുന്ന ജ്യോതിമധുവിനെ മൂന്നുമാസം മുമ്പ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

Mavelikkara
ജ്യോതിമധു

ക്രൈംബ്രാഞ്ച് തിരുവല്ല ഓഫീസിലേക്ക് ശനിയാഴ്ച ജ്യോതി മധുവിനെ വിളിച്ചുവരുത്തി. ഒരു മണിക്കൂറോളം ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസന്വേഷിച്ചത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, ഐ.ടി. ആക്ട് പ്രകാരമുളള വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയത്.

തഴക്കര ശാഖയിലെ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി പരാതി ഉയര്‍ന്നത് കഴിഞ്ഞ ഡിസംബറിലാണ്. സഹകരണ മന്ത്രിയായിരുന്ന കടകമ്പള്ളി സുരേന്ദ്രന്റെ ഇടപെടലുണ്ടായതിനാല്‍ വകുപ്പുതല അന്വേഷണം തുടങ്ങി. 64 കോടിയുടെ ക്രമക്കേടു നടന്നതായാണ് സഹകരണ ജോ. രജിസ്റ്റാര്‍ നിയോഗിച്ച അന്വേഷണ സംഘം വിലയിരുത്തിയത്. ബാങ്കിന് 34 കോടി രൂപ നഷ്ടപ്പെട്ടതായും അന്വേഷണസംഘം റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മാര്‍ച്ചിലാണ് പുറത്തുവന്നത്. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജ്യോതിമധുവിനൊപ്പം ബാങ്കിലെ കാഷ്യര്‍ ബിന്ദു ജി. നായര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടിസീമ ശിവ എന്നിവരും കുറ്റകൃത്ത്യത്തില്‍ പങ്കാളികളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിയണ്ടാകുമെന്നറിയുന്നു.

ബാങ്കില്‍ കോടികളുടെ വെട്ടിപ്പ് നടന്നതിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി 'മാതൃഭൂമി'യാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയെ തുടര്‍ന്നാണ് സഹകരണ മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. 

ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍

*ബാങ്കു രേഖകളിലും കംപ്യൂട്ടറുകളിലും കൃത്രിമം 

*സ്വര്‍ണപ്പണയ വായ്പകളില്‍ തിരിമറി

*വ്യാജ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി അതിന്റെ ഈടിന്മേല്‍ വായ്പ നല്‍കി

*നിര്‍ജീവ അക്കൗണ്ടുകളില്‍ വന്‍തോതില്‍ പണം ഇടപാട് 

*വ്യാജ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചശേഷം ചെക്കുവഴി പിന്‍വലിച്ചു