മുംബൈ:  മന്‍സുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എടിഎസ്) അറസ്റ്റ് ചെയ്തു. സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത പോലീസ് കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡെ(55) വാതുവെയ്പ്പുകാരനായ നരേഷ് ദരേ(31) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. കേസില്‍ സച്ചിന്‍ വാസെയെയാണ് എടിഎസ് മുഖ്യപ്രതിയാക്കിയിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

2006-ലെ ലഖന്‍ ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയാണ് വിനായക് ഷിന്‍ഡെ. 2013-ല്‍ ഈ കേസില്‍ ശിക്ഷിക്കപ്പെട്ട വിനായക് നിലവില്‍ പരോളിലായിരുന്നു. ഇതിനിടെയാണ് പുതിയ കേസിലും അറസ്റ്റിലായത്. 

മന്‍സുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞദിവസമാണ് എന്‍.ഐ.എ.യ്ക്ക് കൈമാറിയത്. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം എടിഎസ് കേസില്‍ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം സ്‌ഫോടകവസ്തു നിയമപ്രകാരം നേരത്തേ തന്നെ എന്‍.ഐ.എ.ക്കു കൈമാറിയിരുന്നു. 

കാറിന്റെ ഇന്റീരിയര്‍ ജോലികള്‍ ചെയ്യുന്ന ഹിരേനുമായി സച്ചിന്‍ വാസേക്ക് അടുപ്പമുണ്ടായിരുന്നെന്ന് ഭാര്യ എ.ടി.എസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കളുമായി കണ്ട കാര്‍ ഈ അടുപ്പംവെച്ച് കുറച്ചുകാലം വാസേ ഉപയോഗിച്ചിട്ടുമുണ്ട്. ഫെബ്രുവരി 17-ന് സി.എസ്.ടി. റെയില്‍വേസ്റ്റേഷനും പോലീസ് കമ്മിഷണര്‍ ഓഫീസിനും ഇടയില്‍ വാസേയുടെ ബെന്‍സ് കാറില്‍വെച്ച് ഇരുവരും പത്തുമിനിറ്റോളം നേരം സംസാരിച്ചതിന്റെ വീഡിയോദൃശ്യവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അന്ന് തന്റെ വാഹനം മോഷണം പോയെന്നാണ് അടുത്തദിവസം പോലീസിനു നല്‍കിയ പരാതിയില്‍ ഹിരേന്‍ പറയുന്നത്. ഫെബ്രുവരി 25-ന് ഈ വാഹനമാണ് സ്‌ഫോടകവസ്തുക്കള്‍സഹിതം മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ കണ്ടെത്തിയത്.

ഈ സംഭവത്തില്‍ അറസ്റ്റുഭയന്ന ഹിരേന്‍ പോലീസ് പീഡിപ്പിക്കുന്നെന്ന് പരാതിപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ കാണാനെന്നു പറഞ്ഞ് മാര്‍ച്ച് നാലിന് വീട്ടില്‍നിന്ന് ഇറങ്ങിയ ഹിരേനിന്റെ മൃതദേഹം അടുത്തദിവസം കടലിടുക്കില്‍ കണ്ടെത്തുകയായിരുന്നു.

Content Highlights: masukh hiren case sachin vaze is main accused and two arrested by ats