ലഖ്‌നൗ: കുടുംബസ്വത്ത് ഭാഗം വെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സ്വന്തം മാതാപിതാക്കളും സഹോദരനും അടക്കം ആറ് പേരെ കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ലഖ്‌നൗവിലെ ബന്താര ഗ്രാമത്തിലാണ് സംഭവം. അജയ് സിങ് (45) എന്നയാളാണ് മകനായ അവിനാശി (20) ന്റെ സഹായത്തോടെ കൂട്ടക്കൊലപാതകം നടത്തിയത്. 

അജയ് സിങ്ങിന്റെ അച്ഛൻ അമര്‍സിങ് (65), അമ്മ റാം ദുലാരി (58), സഹോദരൻ അരുണ്‍(40), സഹോദര ഭാര്യ റാം സഖി(36) ഇവരുടെ രണ്ട് മക്കളായ സരിക(2) സൗരഭ്(9) എന്നിവരാണ് കൊല്ലപ്പെട്ടത്. അമർ സിങ്ങിനേയും റാം ദുലാരിയേയും കഴുത്തറത്തും മറ്റുള്ളവരെ വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന്  ശേഷം ഇരുവരും പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 
 
ഇവരുടെ വീട്ടില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള ഉന്നാവയിലെ കൃഷിത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന അമര്‍ സിങിനെ അജയ് സിങ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടിലേക്ക് തിരികെയെത്തിയ ഇയാള്‍ അമ്മയേയും കഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നീട് സഹോദരന്‍ അരുണിനെയും ഭാര്യയേയും ഇവരുടെ മക്കളേയുംവെടിവെച്ച് കൊല്ലുകയായിരുന്നു. 

വസ്തു ഭാഗം വെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  അമര്‍ സിങിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും കുടുംബ സ്വത്ത് തനിക്ക് നല്‍കാതെ മറ്റുള്ളവര്‍ക്ക് നല്‍കുമോയെന്ന് സംശയിച്ചിരുന്നതായും പ്രതി പോലീസിന് മൊഴി നല്‍കി. ഇയാളില്‍ നിന്നും കൊലപാതകത്തിനുപയോഗിച്ച അരിവാളും തോക്കും കണ്ടെടുത്തിട്ടുണ്ട്. 

Content Highlights: Mass murder in UP furious over share land