ലണ്ടൻ: ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാർ തമ്മിലടിച്ചത്. മെയ് 14-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

യാത്രക്കാരിൽ ചിലർ സംഘം ചേർന്ന് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചിലർ കൈയിലുണ്ടായിരുന്ന ബാഗുകളും പെട്ടികളും എതിരാളികൾക്ക് നേരേ വലിച്ചെറിഞ്ഞു. നിരന്തരം ചവിട്ടുകയും മർദിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന മറ്റുയാത്രക്കാർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഓടിരക്ഷപ്പെടുന്നതും അക്രമം നിർത്താൻ ആവശ്യപ്പെട്ട് ചിലർ അലറിവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

മെയ് 14-ാം തീയതി രാവിലെ എട്ട് മണിയോടെയാണ് വിമാനത്താവളത്തിൽ സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, എന്താണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

വിമാനത്താവളത്തിലെ സംഘർഷം അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയെന്നും ദുഃഖകരമായ സംഭവമാണെന്നും ലൂട്ടൺ വിമാനത്താവളത്തിന്റെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:mass fight breaks out in london luton airporyt video goes viral